old
പുളിക്കീഴ് ഷുഗർ ഫാക്ടറി വളപ്പിലെ പഴകി ദ്രവിച്ച വാഹനങ്ങൾ പൊളിച്ചു നീക്കുന്നു

തിരുവല്ല: പുളിക്കീഴ് ഷുഗർ ഫാക്ടറി വളപ്പിൽ പഴകി ദ്രവിച്ച് കിടന്നിരുന്ന വാഹനങ്ങൾ പൊളിച്ചു നീക്കുന്ന പണികൾ തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത മുപ്പതോളം വാഹനങ്ങളാണ് പൊളിച്ചു നീക്കുന്നത്. തിരുവല്ല റവന്യൂ ടവർ വളപ്പിൽ കിടന്നിരുന്ന വാഹനങ്ങൾ മൂന്ന് വർഷം മുമ്പാണ് ലോറിയിൽ കയറ്റി ഷുഗർ ഫാക്ടറി വളപ്പിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ പുരയിടത്തിൽ എത്തിച്ചത്.തുരുമ്പെടുത്ത വാഹനങ്ങൾക്ക് മേൽ കാട് വളർന്നതോടെ പൊലീസ് സ്റ്റേഷനിലടക്കം ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. വാഹനങ്ങൾക്ക് മേലുള്ള വ്യവഹാരങ്ങളിൽ പൊളിച്ച് വിൽക്കാൻ നിയമപരമായ അനുമതി ലഭിച്ചതിനെ തുടർന്നാണ് പൊളിച്ചു നീക്കുന്ന പണികൾ ആരംഭിച്ചത്.