 
ചെങ്ങന്നൂർ: ആയുർവേദഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന കേന്ദ്ര ഭാരതീയ ചികിത്സാ കൗൺസിൽ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്, ഐ.എം.എ ചെങ്ങന്നൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കെ.എസ്.ആർടി.സി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിലേക്ക് പ്രേതിഷേധമാർച്ച് നടത്തും. 11ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ബന്ദ് നടത്തും. ക്യാഷ്യുവാലിറ്റി, കൊവിഡ് ഡ്യൂട്ടികളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ചികിത്സാ രംഗത്ത് ലോകമെമ്പാടുമുള്ള ആധുനിക സമൂഹം സ്വീകരിച്ചിട്ടുള്ള നിലപാടുകൾക്ക് ഘടകവിരുദ്ധമാണ് പുതിയ കേന്ദ്ര ഉത്തരവ്. ഡോക്ടർമാരെ സമരരംഗത്തേക്ക് നയിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ദേശീയ ചികിത്സാ കൗൺസിലിനും കേന്ദ്രസർക്കാരിനുമാണ്. സങ്കര ചികിത്സ പൊതുജനതയുടെ ജീവനും ആരോഗ്യത്തിനും ഉയർത്തുന്ന ഭീഷണികൾ പൊതുസമൂഹം ഉൾക്കൊള്ളണം. ഈ വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളും അണിചേരണമെന്ന് ഐ.എം.എ ഭാരവാഹികളായ ഡോ.ഉമ്മൻ വർഗീസ്,ഡോ.നവീൻ പിള്ള,ഡോ.ഷേർളി ഫിലിപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.