അടൂർ : നിശബ്ദപ്രചാരണമായിരുന്നു ഇന്നലെയെങ്കിലും സ്ഥാനാർത്ഥികളും പ്രവർത്തകരും കളംനിറഞ്ഞ് തിരഞ്ഞെടുപ്പ് വേദിയിലുണ്ടായിരുന്നു. ഒരു ഭാഗത്ത് കൂട്ടിയും കുറച്ചും മറു ഭാഗത്ത് വോട്ടർമാരെ ഒന്നുകൂടി കണ്ട് വോട്ട് ഉറപ്പിക്കുന്നതിനുമായുള്ള തിരക്കുകളിലും അമർന്നതോടെ വാർഡുകൾ മുഴുവൻ പ്രവർത്തകരെകൊണ്ട് സജീവമായിരുന്നു.തങ്ങളുടെ ചിഹ്നം പതിച്ച സ്ളിപ്പുകൾ വീടുകളിലെത്തിക്കുന്നതിലാണ് ഏറ്റവും അധികം ശ്രദ്ധപുലർത്തിയത്. രാവിലെതന്നെ എത്തി വോട്ടിടണമെന്ന നിർദ്ദേശമാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും സമ്മതിദായകരോട് നിർദ്ദേശിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ പോളിംഗ് ബൂത്തുകളും സജ്ജമായി.

തയാറാക്കിയതിലെ അശാസ്ത്രീയത,​ ജീവനക്കാർ വലഞ്ഞു

അടൂരിൽ രണ്ടിടത്തായിരുന്നു പോളിംഗ് സാമിഗ്രികൾ വിതരണം ചെയ്തത്. നഗരസഭയുടേത് അടൂർ ഹോളി എയ്ഞ്ചൽസ് ഹൈസ്കൂളിലും പറക്കോട് ബോക്കിലെ വിവിധ പഞ്ചായത്തുകളിലേത് അടൂർ ബി.എഡ് സെന്ററിലുമായിരുന്നു വിതരണം. ബ്ളോക്ക് പഞ്ചായത്തിൽ മൊത്തം 256 ബൂത്തുകളാണ് ഉള്ളത്. ഇത്രയും ബൂത്തുകളിലെ സാധനങ്ങളുടെ വിതരണം പൂർത്തിയായപ്പോഴേക്കും വൈകിട്ട് 5 മണിയായി. പോളിംഗ് ബൂത്തുകളിൽ സാധനങ്ങളും ജീവനക്കാരുമായി പോകേണ്ട വാഹനങ്ങൾ തയാറാക്കിയതിലെ അശാസ്ത്രീയതകാരണം ജീവനക്കാർ ഏറെ വലഞ്ഞു. ആറ് മണി കഴിഞ്ഞാണ് പലരും പോളിംഗ് സ്റ്റേഷനുകളിൽ എത്തിയത്. മുൻ കാലങ്ങളിൽ വലിയ ബസുകളായിരുന്നു ഇതിനായി സജ്ജമാക്കിയിരുന്നത്. ഇക്കുറി ബസുകൾക്കൊപ്പം കാറുകളും ഓട്ടോ ടാക്സികളും സജ്ജമാക്കിയിട്ടുണ്ട് ഒരു ബൂത്തിൽ 5 പോളിംഗ് ജീവനക്കാരേയും ഒന്നു വീതം റൂട്ട് ഓഫീസർ, പൊലീസ് ഉൾപ്പെടെ മൊത്തം 7 പേരെയാണ് നിയമിച്ചിരിക്കുന്നത്. പോളിംഗ് സാമിഗ്രികൾ ഉൾപ്പെടെയുള്ളവയുമായി ഓട്ടോ ടാക്സികളിലും, കാറിലുമായി പോകാൻ കഴിയാതെ ബദ്ധിമുട്ടി. ഇതിനെ തുടർന്ന് ഒരു ട്രിപ്പ് അയച്ചശേഷം വാഹനം തിരികെ വിളിച്ചാണ് ശേഷിച്ചവരെ ബൂത്തുകളിൽ എത്തിച്ചത്. ഇതോടെ ഉദ്ദേശിച്ചതിലും കൂടുതൽ സമയം വിതരണകേന്ദ്രങ്ങളിൽ ചെലവഴിക്കേണ്ടിവന്നു. അടൂർ നഗരസഭയിലെ 28 ബൂത്തുകളിലേയും പോളിംഗ് സാമിഗ്രികളുടെ വിരതണം 12 മണിയോടെ പൂർത്തീകരിച്ചു.

-ബ്ളോക്ക് പഞ്ചായത്തിൽ മൊത്തം 256 ബൂത്തുകൾ

-ഒരു ബൂത്തിൽ 5 പോളിംഗ് ജീവനക്കാർ

- പൊലീസ് ഉൾപ്പെടെ മൊത്തം 7 പേർ