ശബരിമല : ശരണംവിളികൾക്കൊപ്പം കൊവിഡ് ജാഗ്രതയുടെ കാഴ്ചകളാണ് ശബരിമല സന്നിധാനത്തെങ്ങും. പ്രതിരോധ നടപടിയുടെ ഭാഗമായി തീർത്ഥാടകർക്ക് മാത്രമല്ല സന്നിധാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ദേവസ്വം ജീവനക്കാർക്കും തെർമൽ സ്‌കാൻ പരിശോധന കർശനമായാണ് നടപ്പാക്കുന്നത്. സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകൾ തങ്ങളുടെ ജീവനക്കാരെ ദിവസവും തെർമൽ സ്‌കാൻ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ കടകളിലെ ജീവനക്കാർ, വിശുദ്ധിസേന അടക്കമുള്ള ശുചീകരണ വിഭാഗത്തിലുള്ള തൊഴിലാളികൾ എന്നിവരെയും തെർമൽ സ്‌കാൻ പരിശോധന നടത്തുന്നുണ്ട്. തന്ത്രി മഠത്തിന് മുന്നിലും പൊലീസ് മെസ്, ഗവ. ആശുപത്രി, സ്റ്റാഫ് ഗേറ്റ്, നടപന്തലിലെ പ്രധാന കവാടം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നെഗറ്റീവായ സർട്ടിഫിക്കറ്റുമായി എത്തുന്നവരെയും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരെയും മാത്രമാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്.