 
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ എട്ട് പഞ്ചായത്തുകളുലെയും നഗരസഭയിലേയും വോട്ടിംഗ് സാമഗ്രികളുടെ വിതരണം നടന്നു. ചെറിയനാട്, വെണ്മണി, പുലിയൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, ആല, ബുധനൂർ പഞ്ചായത്തുകളിലെ 176 ബൂത്തുകളിലേക്കുമുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണമാണ് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിൽ നടന്നത്. ചെങ്ങന്നൂർ നഗരസഭയിലെ 27 ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഗവ അങ്ങാടിക്കൽതെക്ക് ഹയർ സെക്കന്ഡറി സ്‌കൂളിലും നടന്നു.
രാവിലെ 8ന് ചെറിയനാട്, വെണ്മണി പഞ്ചായത്തുകളുലെ 56 ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാമഗ്രികൾ വിതരണം ചെയ്യുന്നതിൽ താമസം നേരിട്ടു. ഇത് ഉദ്യോഗസ്ഥരുടെ വൻ തിരക്കിന് തന്നെ കാരണമാകുകയും ചെയ്തു. വോട്ടിംഗ് സാമഗ്രികളുടെ വിതരണം രണ്ട് മണിയോടെ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പല ബൂത്തുകളിലേയും സാമഗ്രികൾ വൈകിയും വിതരണം ചെയ്തു. ജനക്കൂട്ടം ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ഇത് പ്രാവർത്തികമായില്ല. വോട്ടിംഗ് സാമഗ്രികൾ വാങ്ങാനായി എത്തിയ ഉദ്യോസ്ഥരിൽ ചിലർ ശരീര ഊഷ്മാവ് പരിശോധനയ്ക്ക് തയാറായില്ലെന്നും ആരോപണമുണ്ട്.സ്ഥലത്ത് പൊലീസ്,ഫയർഫോഴ്‌സ്,റവന്യു,ആരോഗ്യവിഭാഗം എന്നിവരുടേതായ ഹെൽപ്പ് ഡെസ്‌കുകൾ ക്രമീകരിച്ചിരുന്നു.
-176 ബൂത്തുകളിൽ വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തു