covid-patient

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പിടിതരാതെ പത്തനംതിട്ടയുടെ മനസ്. ത്രികോണ മത്സരത്തിന്റെ ആവേശത്തോടെ സമാപിച്ച പ്രചാരണത്തിനൊടുവിൽ നാട് ബൂത്തിലെത്തിയപ്പോൾ മികച്ച പോളിംഗ്. കൊവിഡിനെ തോൽപ്പിക്കാനുള്ള മനസുറപ്പോടെയാണ് വോട്ടർമാർ പോളിംഗ് ബൂത്തിലെത്തിയത്. ജില്ലയിൽ 69.75 ശതമാനം പേർ വോട്ടു ചെയ്തു. കൊവിഡ് വ്യാപന ഭീതിക്കിടയിലും പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മൂന്ന് മുന്നണികളും ഒരുപോലെ പരിശ്രമിച്ചു. 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. 10,78,647 വോട്ടർമാരിൽ 7,52,338 പേർ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും ബൂത്തുകളിലെത്തി. ഇനി 16 വരെ കൂട്ടിയും കുറച്ചും കാത്തിരിക്കണം ഫലമറിയാൻ.

2015ലെ ത്രിതല തിരഞ്ഞെടുപ്പിൽ 72.28 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 2.57 ശതമാനത്തിന്റെ കുറവ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാകുന്ന തിരഞ്ഞെടുപ്പ് ഫലം ഇടത്, വലത് മുന്നണികൾക്ക് നിർണായകമാണ്. അഞ്ച് എം.എൽ.എമാരും പകുതിയിലേറെ പഞ്ചായത്തുകളും നഗരസഭകളും ബ്ളോക്ക് പഞ്ചായത്തുകളും ഇടതുപക്ഷത്തായ ജില്ലയിൽ എൽ.ഡി.എഫിന് നിലവിലെ ഭൂരിപക്ഷം നിലനിറുത്തണം. ജില്ലാ പഞ്ചായത്തിലെ ഭരണത്തുടർച്ച നേട്ടമായി അവകാശപ്പെട്ടിരുന്ന യു.ഡി.എഫിന് ജില്ല തിരിച്ചുപിടിക്കാനുള്ള അവസരമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നട‌ത്തിയ മുന്നേറ്റത്തിൽ നിന്ന് വീണ്ടും മുന്നോട്ടു കുതിക്കാനാണ് എൻ.ഡി.എ വലിയ തോതിൽ പ്രചാരണം നടത്തിയത്.

മൂന്ന് മുന്നണികളും ഒരു പോലെ വിജയം അവകാശപ്പെട്ടിരിക്കുകയാണ്. യുവസ്ഥാനാർത്ഥികളെയും പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും കളത്തിലിറക്കിയായിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പാേരാട്ടം. സമാധാന അന്തരീക്ഷത്തിലാണ് ജില്ലയിൽ പോളിംഗ് പൂർത്തിയായത്.

വിജയം ഉറപ്പിച്ച് മുന്നണികൾ

ജില്ലയെ യു.ഡി.എഫ് കോട്ടയെന്ന് വിളിക്കാൻ ഇനിയാവില്ലെന്നാണ് ഇടതുപക്ഷം പറയുന്നത്. യു.ഡി.എഫിന് നേട്ടമെന്ന് പറയാൻ ആകെയുണ്ടായിരുന്നത് ജില്ലാ പഞ്ചായത്ത് ഭരണമാണ്. ഇക്കുറി ജില്ലാ പഞ്ചായത്ത് ഇടത്തേക്കു മാറുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ഗ്രാമപഞ്ചായത്തുകളിൽ പകുതിയോളം എൽ.ഡി.എഫ് ഭരണത്തിലാണ്. ബ്ളോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പകുതിയോളം ഭരണസമിതികളും തങ്ങളുടെ കൈവശമാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ എം.എൽ.എമാരണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചത്. സംസ്ഥാന സർക്കാർ ജില്ലയ്ക്ക് അനുവദിച്ച 5000 കോടിയുടെ പദ്ധതി, ക്ഷേമ പെൻഷനുകൾ, കൊവിഡ് പ്രതിരോധ നടപടികൾ എന്നിവയെല്ലാം ഇടതിന് അനുകൂലമായ വിധിയെഴുത്തിന് സഹായിക്കും. എൽ.ഡി.എഫ് സർക്കാരിനെതിരായ ആരോപണങ്ങൾ വസ്തുതയില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, പത്തനംതിട്ടയുടെ മനസ് യു.ഡി.എഫിനൊപ്പമെന്ന് ഇൗ തിരഞ്ഞെടുപ്പോടെ വീണ്ടും തെളിയുമെന്ന് നേതാക്കൾ പറയുന്നു. അഞ്ച് എം.എൽ.എമാർ ഇടതുപക്ഷത്തിനൊപ്പമാണെങ്കിൽ ഇപ്പോൾ സാഹചര്യം മാറി. ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരിക്കും. മുഴുവൻ ബ്ളോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് ഭരണം വരുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് പറയുന്നു. "ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ചണ്ടാകും. പിണറായി സർക്കാരിന്റെ സ്വർണ്ണക്കൊള്ളയ്ക്കും അഴിമതിയ്ക്കും എതിരായ വിധിയെഴുത്ത് ജില്ലയിലും പ്രതിഫലിക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ചില പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. ഇത്തവണ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു"- ബാബു ജോർജ് പറഞ്ഞു.

ത്രികോണ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച എൻ.ഡി.എ ജില്ലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. നിലവിൽ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലാണ് ഭരണം. അത് പന്ത്രണ്ടായി ഉയരുമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ പറയുന്നു. "ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കും. ബ്ളോക്ക് പഞ്ചായത്തുകളിൽ അംഗബലം കൂട്ടും. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ് തങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്തത്. സ്വർണ്ണക്കൊള്ള നടത്തിയും അഴിമതിയിൽ മുങ്ങിയുമുള്ള പിണറായി സർക്കാരിന്റെ പ്രവർത്തനം തുറന്നുകാട്ടി. കോൺഗ്രസിന് ഇനി നിലനിൽപ്പില്ലെന്നതും ജനങ്ങൾക്കറിയാം. ഇത്തവണ എൻ.ഡി.എ ജില്ലയിൽ ചരിത്രം സൃഷ്ടിക്കും" - വിജയകുമാർ മണിപ്പുഴ പറഞ്ഞു.