mother
കുമ്പഴ മൈലാടുംപാറ കുടുംബ ക്ഷേമ ഉപകേന്ദ്രത്തിലെ ബൂത്തിൽ നൂറ്റി രണ്ട് വയസ്സുളള മീനാക്ഷിയമ്മ മക്കളായ രഘുനാഥൻ, പ്രതാപചന്ദ്രൻ എന്നിവരോടപ്പം വോട്ട് ചെയ്യാനെത്തുന്നു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും കൃത്യ സമയത്ത് തന്നെ വോട്ടിംഗ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ സാമൂഹിക അകലം പാലിച്ചെങ്കിലും പിന്നീട് തെരക്കായി. എല്ലാ ബൂത്തിലും ആരോഗ്യ പ്രവർത്തകരും പൊലീസും നിയന്ത്രിക്കാനുണ്ടായിരുന്നു. വോട്ടർമാരുടെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയിട്ട് മാത്രമേ ബൂത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു. ഇതിനായി ആശാ, കുടുംബശ്രീ പ്രവർത്തകരെയാണ് നിയോഗിച്ചത്. ചുരുക്കം ചില സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണി മുടക്കി.

വനിതകളടക്കമുള്ള യുവ നേതാക്കളുടെ നീണ്ടനിര സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്നതിനാൽ യുവജനങ്ങളുടെ വലിയൊരു പങ്കാളിത്തം പോളിംഗ് ബൂത്തിൽ ഉടനീളം ഉണ്ടായിരുന്നു. കൊവിഡിനെ ഭയന്ന് വീട്ടിലിരിക്കാതെ പ്രായമായവരും രാവിലെ മുതൽക്കെ പോളിംഗ് ബൂത്തിലെത്തി.

പ്രശ്ന ബാധിത ബൂത്തുകളിലടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കാൻ എത്തിയത്.