dilp
അൻപത് പടികളുള്ള വെട്ടിപ്രം ഉപ്പുകണ്ടം ഡി.എെ.എൽ.പി സ്കൂളിലെ ബൂത്തിൽ നിന്ന് വോട്ടറെ താഴേക്ക് ഇറക്കുന്നു

പത്തനംതിട്ട: വോട്ടിന്റെ പൊക്കം അറിയണമെങ്കിൽ പത്തനംതിട്ട നഗരസഭ ഒന്നാം വാർഡിലെത്തണം. വെട്ടിപ്രം ഉപ്പുകണ്ടം ഡി.െഎ.എൽ.പി സ്കൂളിലെ പോളിംഗ് ബൂത്തിലെത്താൻ കുത്തനെ 50 പടികൾ ചവിട്ടിക്കയറണം. പടി കയറിത്തുടങ്ങിയാൽ നിന്നും ഇരുന്നും ക്ഷീണം തീർത്ത് മാത്രമേ ബൂത്തിലെത്താനാകൂ. ഇറങ്ങുമ്പോൾ കാലൊന്നു തെറ്റിയാൽ ഉണ്ടാകാവുന്ന അപകടത്തേപ്പറ്റി പറയാനില്ല. ബൂത്ത് ഇത്ര പൊക്കത്തിലായിട്ടും ഉച്ചയ്ക്ക് പന്ത്രണ്ടര ആയപ്പോഴേക്കും 45 ശതമാനം പേർ വോട്ടുചെയ്യാനെത്തി. ആകെ 1070 വോട്ടർമാരാണുള്ളത്.

ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് 76 വയസുണ്ട്. മകളും മരുമകനും കൂടി താങ്ങിയാണ് ബൂത്തിലെത്തിച്ചത്. 69കാരിയായ സരസ്വതി പടികളിൽ പല തവണ നിന്ന് കിതപ്പ് മാറ്റിയ ശേഷമാണ് മുകളിലെത്തിയത്. വോട്ടർമാരെ പടി കയറാനും ഇറങ്ങാനും സഹായിക്കാൻ അഗ്നിരക്ഷാ സേനയുടെ മൂന്ന് സിവിൽ ഡിഫൻസ് വാളണ്ടിയർമാരുണ്ടായിരുന്നു. ബൂത്തിലെത്താെനുളള പ്രയാസം കാരണം പ്രായമായ പലരും വോട്ടു ചെയ്യാനെത്താറില്ലെന്ന് ചില വോട്ടർമാർ പറഞ്ഞു. പിടിച്ചു കയറാൻ വശങ്ങളിൽ കൈവരി പോലുമില്ല.

ചരിവോടെ ഉയർന്ന സ്ഥലമായ വെട്ടിപ്രം ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഡോളി ഏർപ്പെടുത്തിയിരുന്നു. ഡി.െഎ.എൽ.പി സ്കൂളിൽ ഡോളി സൗകര്യമുണ്ടായില്ല. ഡോളിയിൽ ആളിനെ ചുമന്നുകൊണ്ട് കയറുന്നതും ഇറങ്ങുന്നതും അപകടമുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഒരു സൗകര്യവുമില്ല

സ്വകാര്യ എയ്ഡഡ് സ്കൂളാണിത്. അദ്ധ്യാപകർക്കും കുട്ടികൾക്കും കുടിവെള്ള സൗകര്യമോ ശൗചാലയമോ ഇല്ല. എല്ലാത്തിനും അടുത്തുള്ള വീടിനെയാണ് ആശ്രയിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നഗരസഭ അധികൃതരാണ് ടാങ്കിൽ വെള്ളമെത്തിച്ചത്. പ്രാഥമിക കാര്യങ്ങൾക്ക് അടുത്ത വീട്ടുകാർ സൗകര്യമൊരുക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമാണ് ഡി.െഎ.എൽ.പി സ്കൂൾ പോളിംഗ് ബൂത്ത് ആകുന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും പ്രദേശവാസികൾ വോട്ടു ചെയ്യുന്നത് സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിലാണ്.

സ്കൂളിൽ നിന്ന് പോളിംഗ് ബൂത്ത് മാറ്റണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടാറുള്ളതാണെങ്കിലും നടപടിയുണ്ടാകാറില്ലെന്ന് വോട്ടറായ ഭാസ്കരൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം കാര്യമാക്കുന്നില്ല. തിരഞ്ഞെട‌ുപ്പ് കഴിഞ്ഞാൽ പോളിംഗ് ബൂത്തിനേപ്പറ്റി ആർക്കും ചിന്തയില്ല.