അടൂർ : അടൂർ നഗരസഭയിലും പറക്കോട് ബ്ളോക്ക് പഞ്ചായത്തിൽപ്പെട്ട ത്രിതല പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പിലെ വീറും വാശിയും വോട്ടെടുപ്പിലും പ്രകടമായി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം ഉയർത്തുന്നതിനും ഇത് സഹായകരമായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെതന്നെ വോട്ട്ചെയ്ത് മടങ്ങുന്നതിലും സമ്മതിദായകർ പ്രത്യേകശ്രദ്ധപുലർത്തി. പ്രായമായവർ വാഹനങ്ങളിലും ബന്ധുക്കളുടെ സഹായത്തോടെയും വോട്ട് ചെയ്തു. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കും ക്യൂ ഒഴിവാക്കിയതും സഹായകമായി. അടൂർ നഗരസഭയിൽ പോളിംഗ് ശതമാനം 68.2 ശതമാനമായിരുന്നു.പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മേഖലയിൽ വൈകിട്ടോടെ 70.46 ശതമാനമായിരുന്നു പോളിംഗ്. അടൂർ നഗരസഭ 11-ാം വാർഡിന്റെ ബൂത്തായ പന്നിവിഴ ടി.കെ.എം.വി യു.പി സ്കൂളിലെ 11-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീന്റെ തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം വോട്ടെടുപ്പ് നിറുത്തിവെയ്ക്കേണ്ടി വന്നു. തകരാർ പരിഹരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് വോട്ടിംഗ് യന്ത്രം സീൽചെയ്ത് മാറ്റിയശേഷം യൂണിറ്റ് പൂർണമായും മാറ്റി പുതിയ യൂണിറ്റ് സ്ഥാപിച്ചശേഷം 9.45 ഒാടെയാണ് വോട്ടിംഗ് പുനരാരംഭിച്ചത്. കൊടുമൺ പഞ്ചായത്തിലെ കൊടുമൺചിറ ഒൻപതിലെ രണ്ടാം ബൂത്തിലും വോട്ടിംഗ് യന്ത്രത്തിൽ നേരിയ തകരാർ കണ്ടതിനെ തുടർന്ന് പത്ത്മിനിട്ട് വോട്ടെടുപ്പ് നിറുത്തിവച്ചു.ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ടൗൺ വാർഡായ 12 ലെ 1-ാം നമ്പർ ബൂത്തിലെ ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടിംഗ് മെഷീന് തകരാർ ഉണ്ടായതിനെ തുടർന്ന് അരമണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. അടൂരിൽ നിന്നും ടെക്നീഷ്യൻമാർ എത്തി പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു.
അടൂർപ്രകാശും, ചിറ്റയവും എത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം
അടൂർ നഗരസഭ 11-ാം വാർഡിന്റെ ബൂത്തായ പന്നിവിഴ ടി.കെ. എം.വി യു.പി സ്‌കൂളിൽ നഗരസഭയിലെ 24-ാം വാർഡിലെ വോട്ടറായ അടൂർ പ്രകാശ് രാവിലെ ഒൻപതരയോടെ മാതാവ് വിലാസിനി, ഭാര്യ ജയശ്രീ, ഇളയമകൻ എന്നിവരോടൊപ്പം വോട്ട് ചെയ്യാൻ എത്തി. നീണ്ട നിര ഉണ്ടായിരുന്നെങ്കിലും സീനിയർ സിറ്റിസൺ പരിഗണനയിൽ മാതാവിനും സഹായി ആയികൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ക്യൂവിൽ നിൽക്കാതെ വോട്ട് ചെയ്യാനായി. അരമണിക്കൂറോളം ക്യൂവിൽ നന്നശേഷമാണ് അടൂർ പ്രകാശ് വോട്ട് രേഖപ്പെടുത്തിയത്. ചിറ്റയം ഗോപകുമാർ എം.എൽ.എ നഗരസഭ അഞ്ചാംവാർഡിന്റെ പോളിംഗ് ബൂത്തായ റെഡ്ക്രോസ് സൊസൈറ്റി ഒാഫീസിൽ രേഖപ്പെടുത്തി. ഭാര്യ ഷേലിബായി, മക്കളായ അമൃത, അനുജ എന്നിവർക്കൊപ്പമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. എന്നാൽ ഇളയമകൾ അനുജയുടെ വോട്ട് സാങ്കേതിക തകരാർ കാരണം 24-ാം വാർഡിലായിരുന്നു. അതിനു ശേഷം വാർഡ് 24 ൽ മകളെ വോട്ട് ചെയ്യിപ്പിച്ചശേഷമാണ് എം.എൽ.എ മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലേക്ക് പോയത്.
-അടൂർ നഗരസഭയിൽ പോളിംഗ് ശതമാനം 68.2 %,
-പറക്കോട് ബ്ലോക്കിൽ 70.46 %