തിരുവല്ല: വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ യാത്രയും സമ്മേളനവും നടത്തുന്നു. 11ന് രാവിലെ 9.30ന് തിരുവല്ല എസ്.സി.എസ്. ജംഗ്ഷനിൽ നിന്നും ഹെഡ് പോസ്റ്റോഫീസിലേക്കു വൈദീകരും ആത്മായരും കാർഷിക ഉൽപന്നങ്ങളും കൈയിലേന്തി നടത്തുന്ന യാത്ര മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെ.സി.സി. ഉപാദ്ധ്യക്ഷൻ അഭിവന്ദ്യ അലെക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, കെ.സി.സി. മുൻ പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ക്‌നാനായ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സൽവേഷൻ ആർമി തിരുവല്ല ഡിവിഷണൽ കമാൻഡർ മേജർ ഒ.പി.ജോൺ എന്നിവർ സന്ദേശം നൽകും. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം അലെക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.