തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ തിരുവല്ല നഗരസഭയിൽ 63.49 ശതമാനവും പുളിക്കീഴ് ബ്ലോക്കിൽ 69.97 ശതമാനം പോളിംഗും രേഖപ്പെടുത്തി. പൊതുവെ സമാധാനപരമായിരുന്നു പോളിംഗ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പല പോളിംഗ് ബൂത്തുകൾക്ക് മുമ്പിലും വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഒട്ടേറെ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് ഉദ്യോഗസ്ഥരെയും വോട്ടർമാരെയും ബുദ്ധിമുട്ടിലാക്കി.
പേനയിട്ട് കുത്തി; വോട്ടിംഗ് യന്ത്രം പിണങ്ങി
കടപ്ര ഉപദേശിക്കടവിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. അര മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചു. നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചാം വാർഡ് ചൂന്താര ബൂത്ത് ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാർ കാരണം കുറേനേരം വോട്ടെടുപ്പ് നിറുത്തിവച്ചു. കടപ്ര പടിഞ്ഞാറ് 14-ാം വാർഡിലെ രണ്ടാം ബൂത്തിൽ രണ്ട് വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. പെരിങ്ങര പഞ്ചായത്ത് ആറാം വാർഡിലെ മെഡിസിറ്റി ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിംഗ് മുക്കാൽ മണിക്കൂറോളം തടസപ്പെട്ടു. 85 വോട്ടുകൾ ചെയ്ത ശേഷമായിരുന്നു യന്ത്രം തകരാറിലായത്. തിരുവല്ല പെരുമ്പട്ടിയിലെ പോളിംഗ് ബൂത്തിൽ ബ്ലോക്ക്, വാർഡ് സ്ഥാനാർത്ഥികളുടെ മെഷീനുകൾ തമ്മിൽ മാറിപ്പോയത് ആശങ്ക സൃഷ്ടിച്ചു. എന്നാൽ വൈകാതെ പ്രശ്നം പരിഹരിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടലിൽ വൈകാതെ പരിഹരിച്ചു. വോട്ട് ചെയ്യാൻ എത്തുന്നവർ കൈ വിരലിന് പകരം പേന ഉപയോഗിച്ച് ബട്ടണിൽ കുത്തിയതും മെഷീൻ തകരാറിലാകാൻ കാരണമായതായി പറയുന്നു. നഗരസഭയിലെ അഞ്ചൽക്കുറ്റി വാർഡിൽ ക്വാറന്റൈനിലായിരുന്ന ആൾ വോട്ട് രേഖപ്പെടുത്താനെത്തിയത് തർക്കമുണ്ടായി. പ്രശ്നം പ്രിസൈഡിംഗ് ഓഫീസറുടെ തീരുമാനത്തിനായി വിട്ടു.