പന്തളം: പന്തളം നഗരസഭയിൽ രാവിലെ മുതൽ കനത്ത പോളിംഗ്. രാവിലെ ഏഴ് മണിക്ക് മുൻപ് തന്നെ പല ഡിവിഷനുകളിലും വോട്ടറന്മാരുടെ നീണ്ട ക്യൂ കാണാമായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു തുടക്കമെങ്കിലും, ബൂത്തുകളിൽ തിരക്ക് വർദ്ധിച്ചതിനാൽ സാമൂഹ്യ അകലം പാലിക്കപ്പെട്ടില്ല. തോട്ടകോണം ഗവ.ഹയർ സെക്കന്ഡറി സ്‌കൂളിലെയും പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിലെയും ഓരോ ബൂത്തിൽ രാവിലെ വോട്ടിംഗ് മെഷ്യന് നേരിയ തകരാർ സംഭവിച്ചങ്കിലുംഉടൻ പരിഹരിക്കപ്പെട്ടു. കടുത്ത മത്സരം നടക്കുന്ന കുരമ്പാല,പൂഴിക്കാട്, കടയ്ക്കാട് എന്നീ പ്രദേശങ്ങളിലെ ബൂത്തുകളിൽ ഉച്ചവരെ വോട്ടറന്മാരുടെ നീണ്ട നിര കാണാമായിരുന്നു. കുരമ്പാലയിൽ ഒരു ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ എത്തിയളെ ഉദ്യോഗസ്ഥർ താക്കീത് ചെയ്ത് വിട്ടയച്ചു. ഉച്ചയ്ക്ക് ശേഷം പലയിടത്തും മന്ദഗതിയിലായിരുന്നു. ഉച്ചയ്ക്ക് 12 വരെ നഗരസഭയിൽ 40 ശതമാനം പോളിംഗ് നടന്നു. പ്രായമുള്ളവരിൽ കൂടുതൽ പേരും ഇത്തവണ രാവിലെ തന്നെ വോട്ടു ചെയ്തു. തോന്നല്ലൂർ ഗവ.യു.പി.സ്‌കൂളിൽ എട്ടാം ഡിവിഷനിൽ രണ്ടാം നമ്പർ ബൂത്തിൽ 102 കാരി ബീവിയമ്മാൾവോട്ടു രേഖപ്പെടുത്തി. മുൻ മന്ത്രി'പന്തളം സുധാകരൻ നഗരസഭയിലെ 26ാം ഡിവിഷനിലെ ബൂത്തിൽ വോട്ട് ചെയ്തു. പ്രശ്ന ബാധിത ബൂത്തുകൾ എന്ന് റിപ്പോർട്ട് ചെയ്യ്തിരുന്ന ബൂത്തുകളിലുൾപ്പെടെ സമാധാനപരമായിരുന്നു. പന്തളം സി.ഐ.എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൻ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നു.