 
പത്തനംതിട്ട: എം.പിമാരായ ആന്റെ ആന്റണി മൈലപ്ര എസ്.എച്ച് സ്‌കൂളിലും അടൂർ പ്രകാശ് അടൂർ ടൗൺ എൽ.പി.എസിലും വോട്ട് ചെയ്തു. എം.എൽ.എമാരായ വീണാജോർജ് കുമ്പഴ എം.ഡി.എൽ.പി.എസിലും ചിറ്റയം ഗോപകുമാർ അടൂർ അഞ്ചാം നമ്പർ ബൂത്തായ റെഡ്‌ക്രോസ് ഹാളിലും കെ.യു. ജനീഷ് കുമാർ സീതത്തോട് വാലുപാറ ബൂത്തിലും രാജു ഏബ്രഹാം റാന്നി അങ്ങാടി സെന്റ് തോമസ് സ്‌കൂളിലും മാത്യു ടി. തോമസ് ചുമത്ര ഗവൺമെന്റ് യു.പി സ്‌കൂളിലും വോട്ടു ചെയ്തു. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി കോയിപ്രം കടപ്ര എം.ടി.എൽ.പി.എസിൽ വോട്ടു രേഖപ്പെടുത്തി.
രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ . പി.ജെ. കുര്യൻ പുറമറ്റം പഞ്ചായത്തിൽ വാലാങ്കര എം.ടി.എൽ.പി സ്‌കൂളിൽ വോട്ടു ചെയ്തു.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത തിരുവല്ല ഡയറ്റിലും പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസും മുൻ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ ചുരുളിക്കോട് വൈ.എം.സി.എ ബൂത്തിലും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് തിരുവനന്തപുരത്തായിരുന്നു വോട്ട്. അദ്ദേഹം വോട്ടു ചെയ്യാൻ പോയില്ല. ആശുപത്രിയിൽ വിശ്രമിക്കുന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇത്തവണ വോട്ടു ചെയ്തില്ല.
എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ വെട്ടിപ്പുറം ഗവൺമെന്റ് എൽ.പി.എസിൽ വോട്ടുചെയ്തു. മുൻമന്ത്രി പന്തളം സുധാകരൻ തോന്നല്ലൂർ വയോജന കേന്ദ്രത്തിലും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഏനാദിമംഗലം കുറുമ്പകര അങ്കണവാടിയിലും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് കലഞ്ഞൂർ ഒന്നാംകുറ്റിയിലെ കരയോഗമന്ദിരത്തിലും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഞെട്ടൂർ അങ്കണവാടിയിലും കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് കോയിപ്രം പുല്ലാട് ഗവ.യു.പി.ജി.എസിലും വോട്ടു രേഖപ്പെടുത്തി.