local-body-election

പത്തനംതിട്ട: നഗരസഭയിലെ ആറാം വാർഡിലുള്ള മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്‌കൂളിലെ ബൂത്തിലേക്ക് ഡോളി സൗകര്യമൊരുക്കിയത് വോട്ടർമാർക്ക് ആശ്വാസമായി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും ഡോളി ഏർപ്പെടുത്തിയത്.
അമ്പത് പടികളുള്ള ബൂത്തിൽ പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും നടന്നെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡോളി ക്രമീകരിക്കാൻ കോടതി ഉത്തരവായത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ഡോളി ക്രമീകരിച്ചിരുന്നു.

ശബരിമലയിലെ രണ്ടു ഡോളിയും എട്ടു ജോലിക്കാരുമാണ് പത്തനംതിട്ടയിലെത്തിയത്. ശബരിമലയിൽ തീർത്ഥാടകർ കുറഞ്ഞ സാഹചര്യത്തിൽ ഡോളിക്കാർക്ക് തിരഞ്ഞെടുപ്പ് വരുമാന മാർഗമായി. എട്ട് പേരുടെ ചുമട്ട് കൂലി, ഡോളി എത്തിക്കുന്നതിനുള്ള വാഹന വാടക എന്നീയിനത്തിൽ ചെലവായ 26,000രൂപ നഗരസഭയാണ് നൽകിയത്.