ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിൽ 68.66% വോട്ട് രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിൽ 71.46% വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ 77.13% വോട്ട് രേഖപ്പെടുത്തി. താലൂക്കിന്റെ വിവിധയിടങ്ങളിൽ പ്രായം ചെന്ന വോട്ടർമാരെ വോട്ടു ചെയ്യിപ്പിക്കുവാൻ എത്തിച്ച പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റങ്ങൾ നടന്നെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പുലിയൂർ, പാണ്ടനാട് എന്നീ പഞ്ചായത്തുകളിലെ ചില ബൂത്തുകളിൽ യന്ത്രത്തകരാർ കാരണം വോട്ട് ഒരു മണിക്കൂർ താമസിച്ചാണ് തുടങ്ങിയത്. ക്യൂവിൽ വോട്ടിന് കാത്തുനിന്ന പ്രമേഹരോഗ ബാധിതനായ വൃദ്ധൻ കുഴഞ്ഞു വീണ സംഭവവും ഉണ്ടായി. പുലിയൂർ ഗവ.ഹയർ സെക്കന്ഡറി സ്‌കൂളിലെ 9 ാം ബൂത്തിലായിരുന്നു സംഭവം. ആദ്യ യന്ത്രം കേടായതിനെത്തുടർന്ന് മാറ്റി വെച്ചയന്ത്രവും പ്രവർത്തനരഹിതമായി. മൂന്നാമത്തെ യന്ത്രം സ്ഥാപിച്ചപ്പോഴേക്കും ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു. ഈ കാലതാമസത്തിനിടയിലാണ് വൃദ്ധൻ കുഴഞ്ഞു വീണത്. ആരോഗ്യ പ്രവർത്തകർ എത്തി പ്രാഥമിക ശുശ്രൂഷ നൽകി. ചെങ്ങന്നൂർ നഗരസഭയിലെ 24ാം നമ്പർ കീഴ്‌ച്ചേരിമേൽ ബൂത്തിൽ പോസ്റ്റൽ വോട്ട് അനുവദിച്ച കൊവിഡ് രോഗി ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് ആശയക്കുഴപ്പം സൃഷ്ട്ടിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പോസിറ്റീവ് കേസായ മൂന്ന് പേർ 39 എ ബൂത്തിൽ ( യു.സി.എ ) ഹാളിൽ വോട്ടു രേഖപ്പെടുത്തി.