
പത്തനംതിട്ട : കൊവിഡിൽ തലകുത്തി വീഴുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനത്തിനുള്ള സാദ്ധ്യതയേറിയെന്നാണ് അധികൃതരുടെ നിഗമനം. പരിശോധന കർശനമാക്കി സാഹചര്യങ്ങളെ നേരിടാൻ ആരോഗ്യ വകുപ്പ് തയാറായിക്കഴിഞ്ഞു. ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കാൻ ക്രമീകരണമേർപ്പെടുത്തി . ഇവർക്ക് രക്തപരിശോധനയും ആർ.ടി.പി.സി.ആർ ടെസ്റ്റും നിർദേശിക്കും. ഇ.എൻ.ടി, ഫിസിഷ്യൻമാരുടെ അടുത്തെത്തുന്ന ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിൾ പരിശോധിക്കും.
ആശങ്ക പ്രധാന നഗരങ്ങളിൽ
കൊവിഡ് ബാധിത പ്രദേശങ്ങളായ അടൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. കൂട്ടം ചേരരുതെന്നും മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കണമെന്നും കർശന നിർദേശമുള്ളപ്പോൾ തന്നെ പലരും ഇത് ലംഘിക്കുകയാണ്. ശബരിമലയിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിധി നിർണയം നടക്കുന്ന 16 ന് കൊവിഡ് നിർദേശങ്ങൾ അവഗണിച്ചാൽ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് ജില്ല പോകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ക്രിസ്മസ് വിപണിയിലും ജാഗ്രത വേണം
രണ്ടാഴ്ച കഴിഞ്ഞാൽ ക്രിസ്മസ് ആഘോഷമെത്തും. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് കേസുകളുടെ കണക്കുകളിൽ മാറ്റം സംഭവിക്കാൻ സാദ്ധ്യതയുള്ള സമയം കൂടിയാണത്. കേക്കുകളടക്കുള്ള ഭക്ഷ്യസാധനങ്ങൾ വിപണിയിൽ എത്തും. ക്രിസ്മസ് ആഘോഷങ്ങൾക്കായുള്ള നക്ഷത്രവും പുൽക്കൂടും വാങ്ങാൻ വിപണിയിൽ തിരക്ക് വർദ്ധിക്കും. ജാഗ്രതയില്ലെങ്കിൽ ഈ അവസരത്തിൽ കൊവിഡ് കണക്കുകളിൽ വലിയ മാറ്റം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
"ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി. തിരഞ്ഞെടുപ്പും വിധി നിർണയവുമെല്ലാം കൊവിഡ് ചട്ടങ്ങൾ പാലിച്ച് നടപ്പാക്കണമെന്ന് കർശന നിർദേശമുണ്ട്. കൂട്ടം ചേർന്നുള്ള ആഘോഷം വലിയ ആപത്ത് ക്ഷണിച്ചു വരുത്തും. നിസാരമായി കാണാതിരിക്കാൻ ശ്രമിക്കണം. മാസ്ക് ധരിക്കുന്നത് പിഴ പേടിച്ചായിരിക്കരുത്. രോഗത്തിനെ പ്രതിരോധിക്കാനാണ്. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)