kit

തിരുവല്ല: നാലുമാസമായി വിതരണം ചെയ്തുവരുന്ന സൗജന്യ റേഷൻ കിറ്റ് വിതരണം നവംബറിൽ താളംതെറ്റി. ക്രിസ്മസിന്റെ കിറ്റ് വിതരണം ആരംഭിച്ചിട്ടും പലയിടത്തും നവംബറിലെ ഭക്ഷ്യകിറ്റ് വിതരണം പൂർത്തിയാക്കാനായില്ല. നീല കാർഡ് (സബ്‌സിഡി), വെള്ള കാർഡ് (നോൺ പ്രയോറിറ്റി) വിഭാഗങ്ങൾക്കാണ് നവംബറിലെ കിറ്റുകൾ ഇതുവരെയും ലഭിക്കാത്തത്. നവംബറിലെ കിറ്റ് ലഭിക്കുന്ന അവസാന തീയതി വരെ അധികൃതർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതുപ്രകാരം റേഷൻ കടയിൽ എത്തിയ പലർക്കും കിറ്റ് ലഭിക്കാതെ മടങ്ങേണ്ടതായി വന്നു. ദിവസവും സൗജന്യ കിറ്റ് തേടി റേഷൻ കടയിൽ കൂടുതൽ ആളുകൾ എത്തുന്നത് കടയുടമകളെയും വലയ്ക്കുകയാണ്. വിതരണത്തിലെ പാകപ്പിഴ കാരണം സർക്കാരിനെയും മുഖ്യമന്ത്രിയേയും പലരും പഴിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കാരണം പലകേന്ദ്രങ്ങളും പോളിംഗ് ബൂത്തുകളായതിനാൽ പായ്ക്കിംഗ് ജോലികൾ തടസപ്പെട്ടതും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ് കിറ്റുവിതരണത്തിന് തടസമായത്. അതേസമയം മഞ്ഞ കാർഡ് (എ.എ.വൈ) വിഭാഗത്തിന് ഡിസംബറിലെ കിറ്റ് വിതരണം തുടങ്ങി. പിങ്ക് കാർഡ് ഉടമകൾക്കും ചിലയിടങ്ങളിൽ കിറ്റ് ലഭിച്ചു.

തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 1,48,722 റേഷൻ കാർഡ് ഉടമകളാണുള്ളത്. 206 റേഷൻ കടകളിലൂടെയാണ് സൗജന്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസത്തെ കിറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ സാധനങ്ങൾ ക്രിസ്മസിന്റെ കിറ്റിലുണ്ട്.

ക്രിസ്മസ് കിറ്റ്

കടല, ഉഴുന്ന്, തേയില, പഞ്ചസാര, വെളിച്ചെണ്ണ, മുളക് പൊടി, നുറുക്ക് ഗോതമ്പ്, ചെറുപയർ, തുവരപ്പരിപ്പ് എന്നിവയാണ് ക്രിസ്മസ് കിറ്റിലുള്ളത്. ഖാദി മാസ്ക് കൂടി ക്രിസ്മസ് കിറ്റിനൊപ്പം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ലഭ്യതക്കുറവ് കാരണം അവ പിന്നീട് വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

എല്ലാ വിഭാഗങ്ങൾക്കും റേഷൻ കിറ്റുകൾ ലഭ്യമാക്കും
വെള്ള, നീല കാർഡ് ഉടമകൾക്ക് നവംബർ, ഡിസംബർ മാസങ്ങളിലെ സൗജന്യ റേഷൻ കിറ്റുകൾ ഈമാസം തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈകിയാലും എല്ലാ വിഭാഗങ്ങൾക്കും സൗജന്യ കിറ്റുകൾ ലഭ്യമാക്കും.
സപ്ലൈകോ ഡിപ്പോ മാനേജർ
കറ്റോട്, തിരുവല്ല