
തണ്ണിത്തോട്: റബർ കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുകയാണ് വിലയിലെ മുന്നേറ്റം. കഴിഞ്ഞ ദിവസം ആർ.എസ്.എസ് 4 ഗ്രേഡിന് 165 രൂപ വില ലഭിച്ചിരുന്നു, ആർ.എസ്.എസ് 5 ഗ്രേഡിന് 147 രൂപയും ഐ.എസ്.എസിന് 135 രൂപയുമായിരുന്നു വ്യാപാരി വില. ഒട്ടുപാലിന് 81 രൂപ വരെയും ലഭിച്ചിരുന്നു. കഴിഞ്ഞ ഏഴു വർഷത്തെ ഉയർന്ന വിലയായ 165 രൂപയിലേക്കാണ് കഴിഞ്ഞ ആഴ്ച റബർ വില മുന്നേറിയത്. അന്താരാഷ്ട്ര വില 187 വരെയുമെത്തി.
2012 ൽ തുടങ്ങിയ പതനത്തിൽ നിന്ന് കരകയറാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു മലയോരമേഖലയിലെ റബർ കർഷകർ. കൊവിഡിനെ തുടർന്ന് തുറമുഖങ്ങളിലും മ
റ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഇറക്കുമതി കുറഞ്ഞതും വാഹന വിപണി ഉഷാറായത് ടയർ കമ്പനികൾക്ക് നേട്ടമായതും തദേശ റബറിനോടുള്ള താത്പര്യത്തിന് കാരണമായി.
വിപണി വിലയെക്കാൾ ഉത്പ്പാദന ചെലവ് കൂടിയതോടെ കർഷകർ റബർ കൃഷിയിൽ നിന്ന് പിൻവാങ്ങി തുടങ്ങിയിരുന്നു. റീ പ്ലാന്റ് ചെയ്യാതെയും കളകൾ നീക്കം ചെയ്യാതെയും പലയിടത്തും തോട്ടങ്ങളിൽ കാടുകയറി കിടക്കുകയാണ്. റബർതൈകൾ നട്ട് കളകൾ കൃത്യമായി നീക്കം ചെയ്ത് വളപ്രയോഗം നടത്തി ഏഴാം വർഷം ടാപ്പിംഗിന് പ്രായമാകുമ്പോൾ വരെ ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, കല്ലേലി, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിൽ ആവർത്തന കൃഷി ചെയ്യാതെയും ടാപ്പിംഗ് നടത്താതെയും റബ്ബർ തോട്ടങ്ങൾ നശിച്ചിരുന്നു. മഴക്കാലത്ത് ടാപ്പിംഗിനായി റയിൻ ഗാർഡ് ഇടുന്നതിനുള്ള പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവയുടെ ലഭ്യത കുറവും ലോക്ക് ഡൗണിനെ തുടർന്നുണ്ടായി. പല കർഷകരും റബ്ബർ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. മുൻ വർഷങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വില കൂടുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. റബ്ബർ ഉണക്കി സൂക്ഷിക്കുന്ന കർഷകർക്ക് മുൻപ് ഇത് ഏറെ പ്രയോജനം ചെയ്തിരുന്നുവെങ്കിലും ഇത്തവണ ഏപ്രിൽ, മെയ് മാസങ്ങളിൽ 115 രൂപയ്ക്ക് സ്റ്റോക്ക് വിറ്റഴിക്കുകയായിരുന്നു.