പത്തനംതിട്ട- ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലയിൽ ഉജ്ജ്വല വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അവകാശപ്പെട്ടു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പള്ളിക്കൽ, ഏനാത്ത്, കൊടുമൺ, മല്ലപ്പള്ളി, റാന്നി ഡിവിഷനുകളിൽ ശക്തമായ മത്സരം നടത്തിയതുമൂലം ഈ സീറ്റുകൾ തിരിച്ചുപിടിക്കും. 2015 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ജില്ലാപഞ്ചായത്തിൽ നേടും.
ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്നതും ഒരു സീറ്റിന് 2015 ൽ നഷ്‌ടപ്പെട്ടതുമായ പന്തളം ബ്ലോക്ക് പഞ്ചായത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കും. ഇലന്തൂർ, കോയിപ്രം, മല്ലപ്പള്ളി ബ്ലോക്കുകൾ നിലനിറുത്തും, പറക്കോട് ,​ റാന്നി ബ്ലോക്ക്പഞ്ചായത്തുകളിൽ ശക്തമായ മത്സരം നടത്തി. അവിടെ വിജയ പ്രതീക്ഷയുമുണ്ട്. 2015 ൽ യു.ഡി.എഫിന് ഉണ്ടായിരുന്നത് 21 ഗ്രാമപഞ്ചായത്തുകളായിരുന്നു. ഇത്തവണ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും ഭരണം യു.ഡി.എഫ് നിയന്ത്രണത്തിലാവും.