അടൂർ : നഗരസഭയിൽ 2015 ലെ തിരഞ്ഞെടുപ്പിനേക്കാൾ 3.56 ശതമാനത്തിന്റെ പോളിംഗ് കുറവുണ്ട്. ഇക്കുറി 68.42 ശതമാനംപേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കൊവിഡ് രോഗികളുടേതുൾപ്പെടെയുള്ള പോസ്റ്റൽ ബാലറ്റുകൂടി ചേർത്താൽ ശതമാനത്തിൽ നേരിയ വർദ്ധനവുണ്ടാകും. കഴിഞ്ഞ തവണ ഇത് 71.98 ആയിരുന്നു. വാർഡുകളിലും ഈ കുറവ് പ്രകടമാണ്. 10 വാർഡുകളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം ഉയർന്നത്. പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നില്ലെന്നാണ് മുന്നണിനേതാക്കളുടെ അഭിപ്രായം. എൽ. ഡി. എഫിന് ഇക്കുറി ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് എൽ. ഡി. എഫ് നഗരസഭാ കമ്മറ്റി ചെയർമാൻ പ്രൊഫ. ശങ്കരനാരായണപിള്ള പറഞ്ഞു. 14 മുതൽ 18 വരെ സീറ്റുകളിലാണ് വിജയ പ്രതീക്ഷ. കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇക്കുറി തിരിച്ചു പിടിക്കുമെന്ന് യു. ഡി. എഫും അഭിപ്രായപ്പെടുന്നു. ഭരണവിരുദ്ധവികാരം യു. ഡി. എഫിന് വോട്ടയി മാറുമെന്നും അതുവഴി 20 സീറ്റുവരെ യു. ഡി. എഫിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. അതേ സമയം മൂന്ന് സീറ്റുകളിൽ വരെ ജയിക്കുമെന്ന് എൻ. ഡി. എ പ്രതീക്ഷിക്കുന്നു. ഏറ്റവും ഉയർന്ന പോളിംഗ് നടന്നത് പന്നിവിഴ ഈസ്റ്റ് (11) വാർഡിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70.6 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഈ വാർഡിൽ ഇക്കുറി പോളിംഗ് 74.61 ശതമാനമായി ഉയർന്നു. ഏറ്റവും കുറവ് അയ്യപ്പൻപാറ (23) വാർഡാണ്. 59.34 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 68.8 ശതമാനമായിരുന്നു. 9.46 ശതമാനത്തിന്റെ കുറവുണ്ട്. വാർഡുകളും പോളിംഗ് ശതമാനവും. 2005 ലെ ശതമാനം ബ്രായ്ക്കറ്റിൽ. മിത്രപുരം - 1: 57.94 (66.42), ഇ. വി - 2 : 67.25 (76.2), പന്നിവിഴ - 3 : 70.22 (72.29), സാൽവേഷൻ ആർമി- 4 : 64.33 (79.81), സിവിൽ സ്റ്റേഷൻ 5 : 68.96 (67.42), ജവഹർ - 6 : 66.22 (65.07) ആനന്ദപ്പള്ളി - 7 : 67.63 (71.14), പോത്രാട് - 8 : 73.75 (77.77), എം. ജി - 9 : 74.05 (73.47), ഭഗത്സിംഗ് - 10 : 73: 65, പന്നിവിഴ ഈസ്റ്റ് - 11: 74.61(70.6), സംഗമം - 12 : 73.56 (79.22), നേതാജി-13: 69.62 (79), പറക്കോട് - 14 : 70.11(70.89), പറക്കോട് ഈസ്റ്റ് - 15: 73.15 (72.54), അനന്തരാമപുരം - 16: 61.31 (73.8), പറക്കോട് വെസ്റ്റ് - 17 : (68.18 (77.4), ടി. ബി - 18: 69.03 (68.9), കണ്ണംകോട് - 19: 67.28 (70.8), അടൂർ സെൻട്രൽ - 20 : 71.29 (70.8), കണ്ണംകോട് - 21 : 67.28 (71), നെല്ലിമൂട്ടിൽപടി - 22 : 59.34 (68.8), അയ്യപ്പൻപാറ - 23 : 73.1 (81), ടൗൺ - 24 : 65.14 (65.8), മൂന്നാളം - 25 : 73.51 (81.3), പ്രിയദർശിനി - 26 : 69.21 (67.7), ഹോളിക്രോസ് - 27 : 67.17 (62.7), പുതിയകാവിൽചിറ - 28 : 64.59 (67.7).