കൊവിഡ് ചികിൽസ, അത്യാഹിത വിഭാഗം, ഐ.സിയു, ഡയലാസിസ്, ലേബർ റൂം സേവനങ്ങൾ തടസപ്പെടില്ല
പത്തനംതിട്ട: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ ഡോക്ടർമാർ നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് ജില്ലയിലെ ഐ.എം.എ ഘടകം പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട ബ്രാഞ്ചിലെ എല്ലാ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ്പണിമുടക്ക്. സർക്കാർ ആശുപത്രികളിലടക്കം പണിമുടക്ക് ഉണ്ടാകും. കൊവിഡ് ചികിൽസ, അത്യാഹിത വിഭാഗം, ഐ.സിയു, ഡയലാസിസ്, ലേബർ റൂം സേവനങ്ങൾ തടസപ്പെടില്ല.മെഡിക്കൽകോളേജ് അദ്ധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരും പണിമുടക്കിൽ പങ്കെടുക്കും. പത്തനംതിട്ട ബ്രാഞ്ച് പ്രസിഡന്റ് ഡോ. തോമസ് മാത്യു, സെക്രട്ടറി ഡോ.ജിറ്റു വി.തോമസ്, സംസ്ഥാന കൗൺസിൽ അംഗം ഡോജോസ് ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പെങ്കടുത്തു.