പത്തനംതിട്ട: മണ്ണുകടത്തിനു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. അക്രമിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടാകുന്നതായും ആക്ഷേപം. കഴിഞ്ഞദിവസം ആനിക്കാട് വടക്കേമുറിയിൽ കാഞ്ഞിരത്തുംമൂട്ടിൽ കെ.കെ. ശ്രീജേഷ്‌കുമാറാണ് (ഉത്തമൻ 37) പരാതിക്കാരൻ. സ്ഥലത്തെ മണ്ണുകടത്ത്, വിവിധ ആക്രമണക്കേസുകൾ എന്നിവയിൽ ബന്ധമുള്ളയാൾക്കെതിരെയാണ് പരാതി നൽകിയത്. നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുണ്ടാലിസ്റ്റിൽ പെടുത്തി ഇയാൾക്കെതിരെ നടപടി എടുക്കാമെന്നിരിക്കെ പ്രതിയെ രക്ഷപെടുത്താൻ കീഴ്വായ്പൂര് പൊലീസിലെ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി തിരുവല്ല ഡിവൈ.എസ്.പിക്ക് ശ്രീജേഷ് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ ശ്രീജേഷിനെ വീടിനു സമീപത്തുവച്ച് കഴിഞ്ഞ അഞ്ചിനു രാത്രി 11 ഓടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കമ്പിവടിയും വടിവാളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ തലയ്ക്കും ശരീരഭാഗങ്ങളിലും മുറിവേറ്റു. കൺട്രോൾ റൂമിൽ അറിയിച്ചനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തെങ്കിലും വാഹനം മാത്രം പിടിച്ചെടുത്ത് പ്രതിയെ വിട്ടു. പിന്നീട് നിസാര വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നുവെന്ന് ശ്രീജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.