ചെങ്ങന്നൂർ: കൊവിഡ് പോസിറ്റീവായ യുവതിയെ കൊണ്ടു പോകുവാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ചെന്ന ആംബുലൻസ് തടഞ്ഞതായി പരാതി. ക്വാറന്റൈൻ ലംഘനംനടത്തി യുവതി വോട്ടു ചെയ്തതായും അറിയുന്നു. ഇലഞ്ഞിമേൽ ചേന്നമറ്റം കോളനിയിൽ താമസിക്കുന്ന യുവതിയ്ക്കാണ് കൊവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം വന്നത്. ശനിയാഴ്ച ഇവരുടെ ആർ.ടി.പി.സി ആർ പരിശോധന പുലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്നിരുന്നു. ചൊവ്വാഴ്ചയാണ് ഇവരെ മുളക്കുഴയിലെ കൊവിഡ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുവാൻ ആംബുലൻസ് എത്തിയത്. ഇതിൽ മറ്റ് രണ്ട് പോസിറ്റീവ് രോഗികളും ഉണ്ടായിരുന്നു. പുലിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെത്തുടർന്നുമാണ് ഡ്രൈവർ ആംബുലൻസുമായി അവിടെ എത്തിയത്. എന്നാൽ കോളനിയിലും, സമീപ പ്രദേശത്തുമുള്ളവർ ചേർന്ന് വണ്ടി തടയുകയും പോസിറ്റീവായ രോഗിയെ കൊണ്ടു പോകുവാൻ പറ്റില്ലെന്ന് പറഞ്ഞ് ബഹളം കൂട്ടുകയുമായിരുന്നു. ഇതിനിടയിൽ പുറത്തു നടക്കുന്ന ബഹളം കണ്ട് രോഗികൾ പരിഭ്രാന്തരായി. ഇതിൽ 90 വയസുള്ള ഒരു വൃദ്ധയുമുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ ബന്ധപ്പെട്ടിട്ടും യുവതി വണ്ടിയിൽ കയറാനും തയാറായില്ല. പിന്നീട് ഏറെ സമയത്തിനു ശേഷം ആംബുലൻസ് അലാറം മുഴക്കിയാണ് തിരികെ പോയത്. കൊവിഡ് പോസിറ്റീവായ യുവതി ഇലഞ്ഞിമേൽ എം.ഡി.എൽ.പി എസിലെ വോട്ടറാണ്. കൊവിഡ് ലംഘനം നടത്തിയ ഇവർ തന്റെ അഞ്ച് വയസുള്ള പേരക്കുട്ടിയുമായി എം.ഡി.എൽ.പി സ്‌കൂളിൽ പ്രവർത്തകർക്കൊപ്പം വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.