തിരുവല്ല: ഭരണം നിലനിറുത്തുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫും നിർണായക ശക്തിയാകാകുമെന്ന് എൻ.ഡി.എയും ഉറപ്പിക്കുമ്പോൾ തിരുവല്ല നഗരസഭയിൽ കൂട്ടുകക്ഷി ഭരണമാകുമെന്ന് വിലയിരുത്തൽ. 39 അംഗ നഗരസഭയുടെ ഭരണം പിടിക്കാൻ ആവശ്യമായ 20 സീറ്റ് ഒരു കക്ഷിയും ഒറ്റയ്ക്ക് നേടാൻ സാദ്ധ്യതയില്ലെന്നതാണ് വോട്ടിംഗിന് ശേഷമുള്ള അവലോകനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നഗരപാലിക ബിൽ നടപ്പാക്കിയ 1995 മുതൽ ഇക്കഴിഞ്ഞ ഭരണകാലാവധി വരെയും നഗരസഭയിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ നേടാനായിട്ടില്ല. വലതു മുന്നണിയിലുണ്ടായ പിടലപ്പിണക്കംമൂലം ഇടതുപക്ഷത്തിന് രണ്ടുവട്ടമായി നാലുവർഷത്തോളം ചെയർമാൻ സ്ഥാനം ലഭിച്ചിരുന്നു. വിമത സ്ഥാനാർത്ഥികളുടെ ശക്തമായ സാന്നിദ്ധ്യം ഇക്കുറി ഇടത്-വലത് മുന്നണികളുടെ ജയ പരാജയ സാദ്ധ്യകളിൽ ഏറെ നിർണായകമായേക്കും. യു.ഡി.എഫിനാണ് വിമതർ ഏറെ അസ്വസ്ഥത സൃഷ്ടിക്കുക. കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പ്രധാനമായ തിരുവല്ലയിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള മുഖാമുഖ പോരാട്ടത്തിനും ഇത്തവണത്തെ തിരഞ്ഞെടുപ്പ് വേദിയായി. കേരളാ കോൺഗ്രസിലെ ഏത് വിഭാഗമാകും ഇരുമുന്നണികൾക്കും ശക്തിപകരുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും കേരളാ കോൺഗ്രസിന്റെ തിരുവല്ലയിലെ നിലനിൽപ്പ്. ഏഴ് വാർഡുകളിൽ ഇരുപക്ഷങ്ങളും മുഖാമുഖം ഏറ്റുമുട്ടുന്നുണ്ട്. ഇതിനിടെ ചില സീറ്റുകളിൽ സ്വതന്ത്രർ വിജയിക്കുമെന്നും കണക്കാക്കുന്നു

മാജിക് സംഖ്യ 21 ആർക്കൊപ്പം


തിരുവല്ല നഗരസഭയിൽ പരമാവധി 21 സീറ്റുകൾവരെ നേടുമെന്നും ഭരണം നിലനിറുത്തുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. 13 സീറ്റുകൾ ഒറ്റയ്ക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 13ലധികം സീറ്റുകൾ ഒറ്റയ്ക്ക് നേടുമെന്നും 22 സീറ്റുകളിൽ വിജയിച്ച് നഗരസഭാ ഭരണം പിടിക്കുമെന്നുമാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ അവകാശവാദം. പത്തിലധികവും വാർഡുകളിൽ സ്വന്തം സ്ഥാനാർത്ഥികളുടെ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. കേരള കോൺഗ്രസ് ഒഴിച്ചുള്ള ഘടകകക്ഷികളുടെ സീറ്റ് കൂട്ടിയാലും ഭരണം പിടിക്കാൻ ഇരുമുന്നണികൾക്കും കേരള കോൺഗ്രസ് പ്രധാന ഘടകമായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൂറ് വോട്ടിൽതാഴെ എൽ.ഡി.എഫ് തോറ്റ വാർഡുകളിലും നൂറ് വോട്ടിൽ താഴെ ഭൂരിപക്ഷത്തിന് യു.ഡി.എഫ്. വിജയിച്ച കേരള കോൺഗ്രസ് ഒഴിച്ചുള്ള ഘടകകക്ഷികളുടെ സീറ്റുകൾ കൂട്ടി നോക്കിയാലും ഭരണം പിടിക്കാൻ ഇരുമുന്നണികൾക്കും കേരള കോൺഗ്രസ് പ്രതിനിധികളുടെ സ്വാധീനം നിർണായകമാകും. ഇക്കാലമത്രയും വലതുപക്ഷത്തോടൊപ്പം നിന്ന കേരളാ കോൺഗ്രസിലെ അണികളുടെ നിലപാട് എന്താണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് ഫലമാകും ഇക്കുറിയുണ്ടാവുക. നഗരസഭയിലെ നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്. നിലവിലുള്ള നാലുസീറ്റുകളിൽ നിന്ന് 12 സീറ്റുവരെ എൻ.ഡി.എ ഉറപ്പാക്കുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.