plastic

പത്തനംതിട്ട : നാം അറിയാതെ നമ്മുടെ ഇടയിലേക്ക് വീണ്ടും പ്ലാസ്റ്റിക് കടന്നുവരുകയാണ്. വിപണിയിൽ നിരോധിക്കപ്പെട്ട പ്ളാസ്റ്റിക്ക് സുലഭമായിരിക്കുന്നു. ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ പ്ലാസ്റ്റിക്കിന് സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയിരുന്നു. അന്ന് തുണി, കടലാസ് സഞ്ചികളിൽ സാധനങ്ങൾ വാങ്ങിയിരുന്നവർ ഇപ്പോൾ വീണ്ടും പ്ലാസ്റ്റിക്കിലേക്ക് ചുവടുമാറി. കടകളിൽ സാധനങ്ങൾ വിൽക്കുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. വഴിയോരങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളും ജ്യൂസ് ബോട്ടിലുകളും ചിതറിക്കിടക്കുകയാണ്. പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിക്കുന്നതായി വ്യാപക പരാതിയുമുണ്ട്. കൊവിഡും ലോക്ക് ഡൗണുമായി പരിശോധനകൾ കുറഞ്ഞതോടെയാണ് പ്ലാസ്റ്റിക് ഉപയോഗവും വർദ്ധിച്ചത്. ഒറ്റത്തവണ പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തിയപ്പോൾ ബ്രാൻഡഡ് പ്ലാസ്റ്റിക്കുകൾ നിർമ്മാതാക്കൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സംസ്കരിക്കാമെന്നും മുമ്പ് വ്യവസ്ഥ ചെയ്തിരുന്നു. തുണി സഞ്ചികൾ, പേപ്പർ, ഗ്ലാസ്, സ്റ്റീൽ, തടിക്കപ്പുകൾ എന്നിവ പകരം ഉപയോഗിക്കാനും തീരുമാനമെടുത്തു.

നിരോധിച്ച പ്ളാസ്റ്റിക്ക് ഉപയോഗിച്ചാൽ

പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഷീറ്റ്, തെർമോക്കോൾ ഉപയോഗിച്ചുള്ള കപ്പുകളും പേപ്പറുകളും, കുടിവെള്ള പെറ്റ് ബോട്ടിൽ, ബ്രാൻ‌ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് ബോട്ടിൽ തുടങ്ങി ഭൂരിഭാഗം ഉൽപ്പന്നങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ഉത്പ്പന്നത്തിൽപ്പെടും.

"പരിശോധന തുടർന്നും നടത്തും. കപ്പുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചൊരു പരാതി ലഭിച്ചിരുന്നു. ലോക്ക് ഡൗണിൽ പരിശോധനകൾ കുറഞ്ഞിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും."

വി. സുചിത്ര

(മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ)