ballot

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും തപാൽ ബാലറ്റിന്റെ പേരിൽ സർവത്ര ആശയക്കുഴപ്പം. പി.പി.ഇ കിറ്റ് ധരിച്ച് നേരിട്ട് ബൂത്തിലെത്തി വോട്ടു ചെയ്ത പലർക്കും തപാൽ ബാലറ്റും വീടുകളിലെത്തുന്നുണ്ട്. ഇതിലൂടെ ഇരട്ടവോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നതായി ആക്ഷേപമുണ്ട്. കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിച്ചാൽ, തോറ്റവർക്ക് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാനുള്ള അവസരം ഇതുണ്ടാക്കും.

പോസ്റ്റൽ വോട്ടു ചെയ്യാനുള്ള കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായ വോട്ടർമാരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഒാഫീസർക്ക് അയക്കുന്ന ചുമതല പഞ്ചായത്തുകൾക്കാണ്. ഇക്കഴിഞ്ഞ 29 മുതൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ പട്ടികയാണ് നൽകിയത്. ഇൗ ദിവസങ്ങളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർ 11,400 ആളുകൾ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട‌ർക്ക് നൽകിയ ഇൗ പട്ടികയിൽ വോട്ട് ചെയ്യാൻ പ്രായപൂർത്തിയാകാത്തവരും കുട്ടികളുമുണ്ട്. ഇതിൽ നിന്ന് വേണം വോർമാരെ കണ്ടെത്താൻ. വിദേശത്തും നാട്ടിൽ ഇല്ലാതെ ബന്ധുവീടുകളിൽ കഴിയുന്ന വോട്ടർമാരും ഇക്കൂട്ടത്തിലുണ്ട്. നിരീക്ഷണത്തിൽ കഴിയുന്ന ആകെ വോട്ടർമാർ എത്രയെന്ന് കണക്കെടുപ്പ് നടക്കുന്നതേയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. കണ്ടെത്തിയ പകുതിയിലേറെപ്പേർക്കും ബാലറ്റ് അയച്ചിട്ടുണ്ട്. നേരിട്ട് ബൂത്തുകളിലെത്തി വോട്ടു ചെയ്തവരും അതിലുണ്ടാകാം.

ബൂത്തിലെത്തി വോട്ടു ചെയ്ത കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ പേര് അതത് ബൂത്തുകളിലെ വോട്ടർപട്ടികയിൽ മാർക്ക് ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ പറഞ്ഞു. ഇതും പോസ്റ്റൽ ബാലറ്റും എണ്ണുമ്പോൾ കർശന പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ ഇരട്ടവോട്ട് തടയാനാകൂവെന്ന് രാഷ്ട്രീയ നേതാക്കൾ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുകയും ചെയ്യും.

വോട്ടെണ്ണൽ തുടങ്ങുന്ന 16ന് രാവിലെ എട്ടിന് മുൻപ് വരെ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ വോട്ടായി പരിഗണിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്.

"

ക്വാറന്റൈൻ പട്ടികയിലുള്ള പേരുകൾ പോളിംഗ് ബൂത്തിൽ നൽകിയ വോട്ടർപട്ടികയിൽ പ്രത്യേകം അടയാളപ്പെടുത്തി വോട്ടെടുപ്പിന്റെ തലേന്ന് പ്രിസൈഡിംഗ് ഓഫീസർമാർക്കു കൈമാറിയിരുന്നു. ഇവരെ പോളിംഗ് ബൂത്തിൽ വോട്ടു ചെയ്യാൻ അനുവദിക്കേണ്ടന്ന് നിർദശിച്ചിരുന്നു.

പി.ബി. നൂഹ്, ജില്ലാ വരണാധികാരി.