soman

തിരുവല്ല: മലയാള സിനിമയ്ക്ക് ജീവസ്സുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ച ചലച്ചിത്രതാരം എം.ജി.സോമൻ ഡിസംബറിന്റെ നഷ്ടമാണ്. സോമന്റെ സ്മരണകൾക്ക് നാളെ 23 വർഷം തികയുന്നു. കാൽനൂറ്റാണ്ടോളം ആരാധകരെ ഹരംകൊള്ളിച്ച ഈ നടന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സമ്മാനിച്ചത്. തിരുവല്ല മണ്ണടിപ്പറമ്പിൽ കെ.എൻ.ഗോവിന്ദപ്പണിക്കരുടെയും പി.കെ.ഭവാനിയുടെയും മകനായി 1941 സെ്ര്രപംബർ 28 നാണ് സോമൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസശേഷം ഇന്ത്യൻ എയർഫോഴ്‌സിൽ ചേർന്നു. പത്തുവർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ഇതിനിടെ മാവേലിക്കര തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ ജീവിതസഖിയാക്കി. സോമൻ പിന്നീട് നാടകരംഗത്ത് സജീവമായി. കേരള ആർട്‌സ് തീയറ്ററിന്റെ രാമരാജ്യം എന്ന നാടകം കാണാനിടയായ മലയാറ്റൂരിന്റെ പത്‌നി വേണിയാണ് സോമനെ ഗായത്രി എന്ന സിനിമയിലേക്ക് ശുപാർശ ചെയ്തത്.

നായകനും വില്ലനും
ഒരേസമയം നായകനായും വില്ലനായും വിലസി സോമൻ തന്റെ അഭിനയപാടവം തെളിയിച്ചു. 1972ൽ ശരം എന്ന നാടകത്തിലെ അഭിനയത്തിന് അവാർഡ് കിട്ടി. 73ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ഗായത്രി'യിലെ രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷം അന്നുവരെയുള്ള നായക സങ്കൽപ്പത്തിന് എതിരായിരുന്നു. ഇതിലെ റിബൽ ക്യാര്ര്രകർ ശ്രദ്ധയാകർഷിച്ഛതോടെ ചുക്ക്, മഴക്കാറ് തുടങ്ങിയ ചിത്രങ്ങളിൽക്കൂടി ആവർഷം രണ്ടു വ്യത്യസ്ത വേഷങ്ങൾ ചെയ്യാനായി. 75ൽ സ്വപ്നാടനത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡും 76ൽ തണൽ,പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ചനടനുള്ള സംസ്ഥാന അവാർഡും സോമനെ തേടിയെത്തി. 'ചട്ടക്കാരി'യിലെ റിച്ചാർഡും 'ഇതാ ഇവിടെ വരെ' യിലെ വിശ്വനാഥനുമൊക്കെ പ്രേക്ഷകരെ ഹരംകൊള്ളിച്ചു. 77ൽ മാത്രം 47ചിത്രങ്ങളിലാണ് സോമൻ നായകനായത്. ഇതിനിടെ കമലഹാസനുമായി ഒന്നിച്ച് 40 ചിത്രങ്ങളിൽ വേഷമിട്ടു. മൂന്നു തമിഴ് ചിത്രങ്ങളിലും അഭിനയിക്കാനായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, ജയസുധ,റാണിചന്ദ്ര, പൂർണ്ണിമ,രാധിക, ഹിന്ദിയിലെ ശ്രീദേവി, ഷർമ്മിള ടാഗോർ, ഭാനുപ്രിയ എന്നിവരൊക്കെ സോമന്റെ നായികമാരായിട്ടുണ്ട്. പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സോമൻ, ജോൺ പോളിനോടൊപ്പം 'ഭൂമിക' എന്ന ചിത്രവും നിർമ്മിച്ചു. ചടുലമായ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെ ഇളക്കിമറിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അബ്കാരി കോൺട്രാക്ടറായി വേഷമിട്ട 'ലേല' മാണ് സോമന്റെ അവസാനചിത്രം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 97 ഡിസംബർ 12ന് എറണാകുളത്തെ പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം.

സോമന് സ്മാരകമായില്ല
താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റ്, ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച സോമന് ഉചിതമായ സ്മാരകം ഇന്നും യാഥാർഥ്യമായിട്ടില്ല. അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ എം.ജി.സോമൻ എക്കാലവും ജനമനസ്സുകളിൽ നിലകൊള്ളും.