 
കോന്നി : പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസമായിട്ടും പ്രമാടം മൃഗാശുപത്രി പ്രവർത്തനം തുടങ്ങിയില്ല. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിനും ഗുരുമന്ദിരത്തിനും മദ്ധ്യേ ഉണ്ടായിരുന്ന മൃഗ സംരക്ഷണ വകുപ്പിന്റെ പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമ്മിച്ചത്. ഒക്ടോബർ 24 ന് മന്ത്രി കെ. രാജുവാണ് ഉദ്ഘാടനം ചെയ്തത്. നവംബർ ഒന്ന് മുതൽ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്.
.മിക്ക കർഷകരും മൃഗങ്ങൾക്ക് ചകിത്സ തേടി പുതിയ കെട്ടിടത്തിലാണ് എത്തുന്നത്. ഇവിടെ എത്തുമ്പോഴാണ് പഴയ വാടക കെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തനമെന്ന് അറിയുന്നത്. തുടർന്ന് അവിടേക്ക് പോകും. ഇവിടെ നിന്ന് മുക്കാൽ കിലോമീറ്ററോളം ദൂരമുണ്ട് പഴയ കെട്ടിടത്തിലേക്ക്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഏക മൃഗാശുപത്രിയാണിത്.
ചെലവ് 54 ലക്ഷം
54 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഓപ്പറേഷൻ തീയേറ്ററുകൾ ഉൾപ്പടെ ജില്ലാ വെറ്ററിനറി ഡസ്പെൻസറിക്ക് സമാനമായ അത്യാധുനിക സംവിധാനങ്ങൾ ഇവിടെയുണ്ട്.
പഞ്ചായത്തിന് അധിക ബാദ്ധ്യത
വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. വാടക നൽകുന്നത് പ്രമാടം ഗ്രാമപഞ്ചായത്താണ്. ഇവിടെ താൽക്കാലിക സൗകര്യം ഒരുക്കുന്നതിന് പഞ്ചായത്തിന് വലിയ ഒരു തുക നഷ്ടമായിട്ടുണ്ട്. ഇതിന് പുറമെയാണ് വാടകയും. സ്വന്തം കെട്ടിടം നിർമ്മിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥ കാരണം പഞ്ചായത്ത് ഇപ്പോഴും വാടക നൽകേണ്ട സ്ഥിതിയാണ്.