അടൂർ : പറക്കോട് ബ്ളോക്ക് പഞ്ചായത്തിലും ഡിവിഷനിലെ ഗ്രാമപഞ്ചായത്തുകളിലും 2015 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായി. ബ്ളോക്ക് പഞ്ചായത്തിൽ ഇക്കുറി 70.59 ശതമാനം പോളിംഗാണ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 74.74 ശതമാനമായിരുന്നു. 1,86,631 വോട്ടർമാരിൽ 1,31,745 പേർ വോട്ടുചെയ്തു. 70,571 സ്ത്രീകളും 61,174 പുരുഷൻമാരുമാണ് വോട്ട് ചെയ്തത്. 4.15 ശതമാനത്തിന്റെ കുറവുണ്ട് ഇക്കുറി. പതിനഞ്ച് വാർഡുകളാണ് പറക്കോട് ബ്ളോക്ക് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 വാർഡുകളിൽ എൽ. ഡി. എഫും 4 വാർഡുകളിൽ യു. ഡി. എഫുമാണ് വിജയിച്ചത്. ഭരണം നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽ. ഡി. എഫ്. അതേ സമയം ഭരണം പിടിച്ചെടുക്കാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ശക്തി തെളിയിക്കാൻ എൻ. ഡി. എ യും ഒപ്പമുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്തിൽ 69.91 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.78 ശതമാനമായിരുന്നു. 3.87 ശതമാനത്തിന്റെ കുറവുണ്ട് ഇക്കുറി. ഏറത്ത് പഞ്ചായത്തിലും 1.88 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.8 ശതമാനയിരുന്നിടത്ത് ഇത്തവണ 71.92 ശതമാനമാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 74.87 ശതമാനമായിരുന്ന പോളിംഗ് ഇക്കുറി 2.63 ശതമാനം കുറഞ്ഞ് 72.24 ശതമാനമായി. പള്ളിക്കൽ പഞ്ചായത്തിൽ പോളിംഗിൽ 6.68 ശതമാനത്തിന്റെ കുറവുണ്ടായി. 75.32 ശതമാനമായിരുന്നു 2015 ലെ പോളിംഗ് നിരക്ക്. അതിക്കുറി 68.64 ശതമാനമായി കുറഞ്ഞു. ഇൗ പഞ്ചായത്തുകളിലെല്ലാം എൽ. ഡി. എഫിനായിരുന്നു കഴിഞ്ഞ തവണ ഭരണം ലഭിച്ചത്.