 
പത്തനംതിട്ട : ഡോക്ടർമാർ ഇന്നലെ നടത്തിയ സമരം പൂർണം. സമരമറിയാതെ ആശുപത്രിയിലെത്തിയവർ വലഞ്ഞു. അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച് മരുന്ന് വാങ്ങിയാണ് രോഗികൾ മടങ്ങിയത്. ചിലർ സമരമാണെന്ന് അറിഞ്ഞ് ആശുപത്രി വരവ് മാറ്റി വച്ചു. മറ്റു ചിലർ ഡോക്ടർമാരില്ലെന്നറിഞ്ഞ് മടങ്ങിപ്പോയി. ജില്ലയിലെ എല്ലാ സ്വകാര്യ, സർക്കാർ ആശുപത്രികളിലേയും പി.എച്ച്.സികളിലേയും ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തു. അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. താലൂക്ക് ആശുപത്രികളിൽ നിരവധി രോഗികൾ എത്തിയിരുന്നു. സ്ഥിരം മരുന്ന് കഴിക്കുന്നവർ മരുന്നും വാങ്ങി മടങ്ങി. ദന്തൽ വിഭാഗം ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുത്തു.
ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണ് അലോപ്പതി ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ച് സമരം നടത്തിയത്. സ്‌പെഷ്യാൽറ്റി ഒ.പി. പൂർണമായും പ്രവർത്തിച്ചില്ല.
രാവിലെ ആറിന് തുടങ്ങിയ സമരം വൈകിട്ട് 6 നാണ് അവസാനിച്ചത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. ജില്ലയിലെ എല്ലാ മേജർ സർക്കാർ ആശുപത്രിയിലും പ്രതിഷേധ യോഗങ്ങളും കൂട്ടായ്മകളും നടന്നു.
"അശാസ്ത്രീയമായ ചികിത്സാ രീതികളെ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം കൂട്ടിച്ചേർക്കുവാനും അടിസ്ഥാന യോഗ്യതയോ പരിജ്ഞാനമോ ഇല്ലാത്ത ഇതര വൈദ്യ മേഖലയിലുള്ളവർക്ക് സർജറി ഉൾപ്പടെയുള്ള ആധുനിക വൈദ്യരീതികൾ പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി ലഭ്യമാക്കുവാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധം വ്യാപകമാക്കും. 
വരുവാൻ പോകുന്ന വൻ വിപത്തിനെക്കുറിച്ച്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമരം നടത്തിയത്. "
ഡോ. ടി. പ്രവീൺ കുമാർ
കെ.ജി.എം. ഒ.എ സെക്രട്ടറി