തിരുവല്ല: അനുവാദമില്ലാതെ മതിലിൽ പതിപ്പിച്ച പോസ്റ്ററുകൾ നീക്കിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വീടിന്റെ ജനാലകൾ അടിച്ചു തകർത്തതായി പരാതി. നെടുമ്പ്രം 11-ാം വാർഡിൽ പുളിക്കീഴ് വടക്കേടത്ത് പറമ്പിൽ വീട്ടിൽ ബിനോദിന്റെ വീടിന്റെ ജനൽച്ചില്ലുകളാണ് തകർത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. വീടിന്റ ഇരുവശങ്ങളിലുമായുള്ള നാല് ജനാലകളുടെ ചില്ലുകളാണ് തകർത്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിനോദിന്റെ വീടിന്റെ മതിലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പതിച്ചിരുന്നു. ഇത് നീക്കം ചെയ്യാതിരുന്നതോടെ ബിനോദ് സ്വയമായി പോസ്റ്ററുകൾ മതിലിൽ നിന്നും ഇളക്കി നീക്കി. ഇക്കാര്യം ചോദ്യംചെയ്തതിനെ തുടർന്നാണ് വീടിന് നേരെ ആക്രമണമുണ്ടായതെന്നും പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.