
പത്തനംതിട്ട : ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ച 548 പേരുടെ ലൈസൻസ് റദ്ദാക്കാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് അധികൃതർ. ലൈസൻസ് ഉടമകൾ ആർ.ടി.ഒ മാരുടെയോ ജൂനിയർ ആർ.ടി.ഒ മാരുടേയോ മുമ്പിൽ ഹാജരാകണം. ലൈസൻസ് റദ്ദാക്കണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇത്രയും പേരെ പിടിച്ചത്. ഇത് നവംബർ മാസത്തിലെ മാത്രം കണക്കാണ്. ഒരു ദിവസം പത്തു പേരെങ്കിലും ഹെൽമെറ്റ് ഉപയോഗിക്കാത്തതിന് പിടിയിലാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഇരുചക്ര വാഹനങ്ങളുടെ ആക്സിഡന്റ് ഇല്ലാത്ത ഒരു ദിവസം പോലും ജില്ലയിൽ ഇല്ല. അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടങ്ങൾക്ക് കാരണം. ഹെൽമെറ്റ് ഉണ്ടെങ്കിൽ തലയ്ക്ക് വലിയ പരിക്കേൽക്കാതെ രക്ഷപ്പെടും. പക്ഷെ ഇതൊന്നും ആരുടേയും തലയിൽ കയറുന്നില്ലെന്ന് അധികൃതർ പറയുന്നു. യുവാക്കൾ മാത്രമല്ല മധ്യവയസ്കരും അപകടത്തിൽപ്പെടുന്നുണ്ട്.
മദ്യപിച്ച് വാഹനം ഓടിച്ചാൽ ആറ് മാസവും ഹെൽമെറ്റില്ലാതെ ഓടിച്ചാൽ മൂന്ന് മാസവും ലൈസൻസ് കട്ട് ചെയ്യും. ഒരു ദിവസം പതിനായിരത്തിലധികം രൂപ പിഴ ഈടാക്കാറുണ്ട്.
"ഹെൽമെറ്റ് നിർബന്ധമാക്കിയതിന് ശേഷമുള്ള കണക്കാണിത്. ലൈസൻസ് റദ്ദാക്കുമെന്ന് താക്കീത് നൽകിയിട്ടും പലരും ശ്രദ്ധിക്കുന്നില്ല. പിന്നിൽ ഇരിക്കുന്നവർ മിക്കവാറും ഹെൽമെറ്റ് വയ്ക്കാറില്ല. നിലവിൽ നോട്ടീസ് നൽകിയിട്ടുണ്ട്"
പി.ആർ.സജീവ്
(എൻഫോഴ്സ്മന്റ് ആർ.ടി.ഒ)