12-chelikkuzhy-vellachatt
കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

അരുവാപ്പുലം: പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. കല്ലേലി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇടവഴിയിലൂടെ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. ഇവിടെ നിന്നാൽ അച്ചൻ കോവിൽ വനത്തിന്റെ അതിർത്തിയും കാണാം. ഇരുപത് അടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യചാരുത മനം കവരുന്നതാണ്. ഫോട്ടോഗ്രഫിയേയും പ്രകൃതിയേയും സ്‌നേഹിക്കുന്നവരാണ് ഇവിടുത്തെ സന്ദർശകരിലേറെയും. വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്തിയവർ പകർത്തിയ മനോഹര ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു.

കോന്നി എലിയറയ്ക്കൽ കല്ലേലി വഴിയും കൊല്ലൻപടി അതിരുങ്കൽ കുളത്തുമൺ വഴിയും പാടം മാങ്കോട് അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും രാജഗിരി അതിരുങ്കൽ കുളത്തുമൺ കല്ലേലി വഴിയും വെള്ളച്ചാട്ടം കാണുവാൻ ധാരാളം സഞ്ചാരികൾ എത്തുന്നു.