 
പത്തനംതിട്ട : കൊവിഡ് പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത് പഴുതടച്ച ക്രമീകരണങ്ങൾ. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് വെർച്വൽ ക്യു മുഖേന മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്ത് എത്തുന്ന തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കുക. 24 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനും, അല്ലാതെ എത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും നിലയ്ക്കലിൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലെത്തിക്കുന്ന തീർത്ഥാടകർക്ക് പമ്പ നദിയിൽ ഇറങ്ങാതെ സ്‌നാനം ചെയ്യുന്നതിനുള്ള സൗകര്യവും പമ്പ ത്രിവേണിയിൽ തയാറാക്കിയിട്ടുണ്ട്. ഇതിന് ശേഷം കാനന പാതയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് നിശ്ചിത ദൂരപരിധിയിൽ കുടിവെള്ളവും, ആരോഗ്യ സേവനവും, ശുചിമുറി സൗകര്യങ്ങളും, പൊലീസിന്റെ സഹായവും ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകരെ കൈകൾ അണുവിമുക്തമാക്കിയ ശേഷം താപനില പരിശോധനയും നടത്തിയാണ് സാമൂഹ്യ അകലത്തിൽ സന്നിധാനത്തെ വലിയ നടപ്പന്തലിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് കടത്തിവിടുന്നത്. ഇവിടെ ബോംബ് സ്‌ക്വാഡിന്റെ സുരക്ഷാ പരിശോധനയുമുണ്ട്. തുടർന്ന് ഓരോരുത്തരായാണ് ആഴിക്ക് സമീപത്തേക്കും പതിനെട്ടാം പടിയിലേക്കും എത്തുന്നത്. ശാരീരിക അസ്വാസ്ഥ്യമുള്ളവരെ പി.പി.ഇ കിറ്റ് ധരിച്ച പൊലീസുകാരുടെ സഹായത്തോടെയാണ് പതിനെട്ടാം പടി കയറ്റുന്നത്. തുടർന്ന് അയ്യപ്പൻമാരെ സാമൂഹ്യ അകലം പാലിച്ച് ശ്രീകോവിലിന് മുന്നിലേക്കും മാളികപ്പുറത്തേക്കും കടത്തിവിടും. ഇതിനായി നിശ്ചിത സ്ഥലങ്ങളിലെല്ലാം പൊലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്.
സന്നിധാനം പാെലീസ് സ്‌പെഷൽ ഓഫീസർ ബി.കെ. പ്രശാന്തൻ കാണി, അസി. സ്‌പെഷൽ ഓഫീസർ പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സർക്കിൾ ഇൻസ്‌പെക്ടർമാരും എസ്.ഐമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥൻമാർക്കുമാണ് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല. തീർത്ഥാടകർക്ക് സുഖ ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.