തിരുവല്ല: യാത്രക്കാർ സൂക്ഷിക്കണേ. പാലത്തിന്റെ കൈവരി ഇടിഞ്ഞിരിക്കുകയാണ്. രാജ്യാന്തര നിലവാരത്തിൽ ഒരു വർഷം മുമ്പ് പുനർനിർമ്മിച്ച കാവുംഭാഗം - മുത്തൂർ റോഡിലാണ് മന്നംകരച്ചിറ പാലത്തിന്റെ കൈവരികൾ അപകടാവസ്ഥയിലായത്. പാലത്തിന്റെ വടക്ക് ഭാഗത്തെ കൈവരി ഏതാണ്ട് പൂർണമായും ബലക്ഷയത്തിലാണ്. വാഹനം ഇടിച്ചതിനെ തുടർന്ന് കൈവരിയുടെ ഒരു ഭാഗം തകർന്ന നിലയിലുമാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വഴിയാത്രക്കാരും ഭീതിയോടെയാണ് പാലത്തിലൂടെ കടന്നുപോകുന്നത്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയെയും തിരുവല്ല - കോട്ടയം എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ മന്നംകരച്ചിറ പാലത്തിന് നാൽപ്പത് വർഷത്തോളം പഴക്കമുണ്ട്.

പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തം

കാവുംഭാഗം - മുത്തൂർ റോഡ് രാജ്യാന്തര നിർമ്മിച്ചതിനൊപ്പം കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന പാലം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ വീതി കുറവുളള ഇടുങ്ങിയ പാലം പൊളിച്ചു പണിതില്ല. ഇതുകാരണം ഇരുവശങ്ങളിലേക്കും ഒരേസമയം പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഇടുങ്ങിയ പാലത്തിന്റെ കൈവരികൾ അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പാലത്തിന്റെ ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

-40 വർഷത്തെ പഴക്കം

-വഴിയാത്രക്കാരും ഭീതിയിൽ

-വീതി കുറവ്

-ഒരേ സമയം വാഹനങ്ങൾക്ക് കടന്നു പോകില്ല

കൈവരികൾ പൂർണമായും തകർന്നു