കോന്നി: അട്ടച്ചാക്കൽ - ചെങ്ങറ - കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ ജംഗ്ഷൻ മുതൽ അമ്പലം വരെയുള്ള ഭാഗത്തെ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് ആരോപിച്ചു. കിഫ്ബി വഴി 17 കോടി രൂപ ചെലവിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന റോഡിന് 13 കിലോമീറ്റർ ദൂരമുണ്ട്. ഡി.ആർ കെട്ടി സംരക്ഷിക്കുന്ന ജോലി പൂർത്തിയാക്കിയിട്ടില്ല. വശങ്ങളിൽ ഓട നിർമ്മിക്കാത്തതു കാരണം മഴവെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പണിയേണ്ട റോഡിൽ മെറ്റൽ ടാറിംഗ് മാത്രമേ ചെയ്തിട്ടുള്ളൂ. ചിപ്‌സ് ടാറിംഗ് ചെയ്യാത്തതുകൊണ്ട് റോഡ് ടാറിംഗിന് നിലവാരമില്ല. കരാറുകാരൻ എന്തെങ്കിലുമൊക്കെ ചെയ്‌തെന്നു വരുത്തി സ്ഥലംവിടാനുള്ള ഒരുക്കത്തിലാണ്. ഈ പണികൾ പൂർത്തിയാക്കണമെന്ന് കാണിച്ച് എക്‌സിക്യൂട്ടീവ് എൻജിനീയർ അടക്കം നിരവധി ഉദ്യോഗസ്ഥരെ നാട്ടുകാർ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.