bridge
കോൺക്രീറ്റ് കാത്തുകിടക്കുന്ന പാലങ്ങളിൽ ഒന്ന്.

കരാറുകാരന്റെ അനാസ്ഥ മൂലം പണി ഇഴയുന്നു

അടൂർ : അടൂർ നഗരഹൃദയത്തിലെ ഇരട്ടപ്പാലങ്ങളുടെ നിർമ്മാണം വൈകുന്നു. എട്ട് മാസം കൊണ്ട് തീർക്കാവുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് രണ്ട് വർഷമായിട്ടും അൻപത് ശതമാനത്തോളമെത്തിയില്ല. ഇരട്ടപ്പാലങ്ങളിൽ ഒരെണ്ണത്തിന്റെ നിർമ്മാണം പോലും പൂർത്തീകരിക്കാൻ കഴിയാത്തതോടെ അടൂർ നഗരത്തിലെ സൗന്ദര്യവൽക്കരണ പദ്ധതികൾ അവതാളത്തിലായി. ആറ് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുമ്പ് പദ്ധതി പൂർത്തിയാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 2018 നവംബർ 30 നാണ് പാലങ്ങളുടെ ശിലാസ്ഥാപനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവ്വഹിച്ചത്. ഒരു വർഷമായിരുന്നു നിർമ്മാണ കാലാവധി. 2019 നവംബറിന് മുൻപ് തീർക്കാനുള്ള പണികളേയുള്ളൂ. എന്നാൽ ഏതാനും തൊഴിലാളികെ വച്ച് നിർമ്മാണം നടത്തിയാൽ എങ്ങനെ തീരുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണത്തിലെ ഇഴഞ്ഞു നീക്കത്തെ തുടർന്ന് കിഫ്ബി ബോർഡ് പണി നിറുത്തിവയ്പിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് വീണ്ടും അനുമതി നൽകിയത്. . നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്തെ പാലത്തിന്റെ നിർമ്മാണം 60 ശതമാനം തീർന്നു. വടക്കുഭാഗത്തേതിന്റെ പൈലിംഗ് ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. തെക്കുഭാഗത്തെ പാലത്തിന്റെ കോൺക്രീറ്റ് ഉടൻ നടത്തുമെന്ന് രണ്ടുമാസമായി പറയുന്നുണ്ട്. ഇക്കഴിഞ്ഞ ആറ്, ഏഴ് തീയതികളായിരുന്നു ഏറ്റവും ഒടുവിലായി പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥയിൽ കമ്പികെട്ടുന്ന ജോലികൾപോലും പൂർത്തീകരിച്ചിട്ടില്ല. ഫലത്തിൽ ഇൗ മാസവും പാലത്തിന്റെ കോൺക്രീറ്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലായി.

-----------------------

പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണം. ഇല്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും

ചിറ്റയം ഗോപകുമാർ എം. എൽ. എ

---------------------

തികഞ്ഞ അനാസ്ഥയാണ് കരാറുകാരൻ കാട്ടുന്നത്. ഇൗ മെല്ലപ്പോക്ക് ഇനി അനുവദിച്ചു കൊടുക്കാനാകില്ല.

ഡി. സജി,

അസി. സെക്രട്ടറി, സി. പി. ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി.