
പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം ഉണ്ടായേക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇന്നലെ 379 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന രോഗ് വ്യാപനമാണ് ഇന്നലത്തേത്. വ്യാഴാഴ്ച 200 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്.
അടൂർ താലൂക്കിലും സമീപ പ്രദേശങ്ങളിലുമാണ് രോഗികളുടെ എണ്ണം കൂടുതൽ. കണ്ണംകോട്, ആനന്ദപ്പളളി, മേലൂട്, പന്നിവിഴ, കരുവാറ്റ, പറക്കോട് എന്നിവിടങ്ങളിൽ 41 പേർക്കും വടക്കടത്തുകാവ്, ചൂരക്കോട്, മണക്കാല, വെളളക്കുളങ്ങര, ഏറത്ത് പ്രദേശങ്ങളിൽ 20 പേർക്കും കടമ്പനാട്, കടമ്പനാട് നോർത്ത്, നെല്ലിമുകൾ, മണ്ണടി എന്നിവിടങ്ങളിലായി 16 പേർക്കും രോഗം സ്ഥിരീകരിച്ചു. അടൂരിന് സമീപമുള്ള ഏഴംകുളം
കൈതപ്പറമ്പ്, വയല വെസ്റ്റ്, അറുകാലിക്കല്‍, ഏഴംകുളം, നെടുമൺ, ഏനാത്ത് എന്നിവിടങ്ങളിൽ 16 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ അടൂർ, തിരുവല്ല, റാന്നി താലൂക്കുകളിലായി രോഗം വ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ മെഡിക്കൽ ഒാഫീസർ മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അടൂർ മേഖലയിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൂട്ടം കൂടിയിരുന്ന് വിജയസാദ്ധ്യതകളെപ്പറ്റി ചർച്ചകൾ നടത്തിയതും മദ്യപാന കൂട്ടായ്മകളുമാണ് രോഗം വ്യാപിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വരും ദിവസങ്ങൾ നിർണായകം: ഡി.എം.ഒ
കൊവിഡ് വ്യാപനത്തിന് വഴിവയ്ക്കുന്ന തരത്തിൽ ചർച്ചകൾ, ആഹ്ളാദ പ്രകടനങ്ങൾ, കൂടിച്ചേരലുകൾ തുടങ്ങിയവ എല്ലാവരും ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ അറിയിച്ചു. സാമൂഹിക അകലം പാലിക്കൽ, കൈകഴുകൾ, മാസ്ക് ശരിയായി ധരിക്കൽ തുടങ്ങിയവ എപ്പോഴും മനസിലുണ്ടാകണം. ഗർഭിണികൾ, കുട്ടികൾ, പ്രയാമയവർ, രോഗികൾ എന്നിവർക്ക് പ്രത്യേക കരുതൽ നൽകണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധന നടത്തണമെന്ന് ഡി.എം.ഒ പറഞ്ഞു.
379 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 379 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്ന് വന്നവരും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 346 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 78 പേരുണ്ട്.
ജില്ലയിൽ ഇതുവരെ 22892 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 18823 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു. ഡിസംബർ നാലിന് രോഗബാധ സ്ഥിരീകരിച്ച പളളിക്കൽ സ്വദേശി (51) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇതരരോഗങ്ങളുടെ സങ്കീർണതകൾ മൂലം മരിച്ചത്. ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ 31 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 223 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20214 ആണ്. 2542 പേർ ചികിത്സയിലാണ്.
സന്നിധാനത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയെന്ന്
പന്തളം: സന്നിധാനത്തെ കൊവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നതായി പന്തളം ക്ഷേത്രആചാര സംരക്ഷണ സമിതി. സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കർശനമായ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുമെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തർ ശബരിമലയിലും പമ്പയിലും എത്തുന്നത്. സേവനച്ചുമതല വഹിക്കുന്ന പൊലീസ്, ദേവസ്വം ജീവനക്കാർക്ക് കൊവിഡ് സ്ഥീരികരിക്കുന്നത് അത്യന്തം ആശങ്കയുളവാക്കുന്നതാണ്.
തങ്കഅങ്കി ഘോഷയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മതിയായ മുൻകരുതലുകളും പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കാതെയുള്ള അലംഭാവ പൂർവ്വമായ തീർത്ഥാടനം മഹാമരിയിലേക്ക് എത്തിക്കുമെന്ന് ക്ഷേത്രആചാര സംരക്ഷണ സമിതി മുഖ്യകാര്യദർശി പ്രസാദ് കുഴിക്കാല അഭിപ്രായപ്പെട്ടു.