പത്തനംതിട്ട : ഓൺലൈനായി നടത്തിയ കോഴഞ്ചേരി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തിൽ 17 പരാതി ലഭിച്ചതിൽ ഒൻപത് എണ്ണം പരിഹരിച്ചു. എഡിഎം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിലാണ് ഓൺലൈൻ അദാലത്ത് നടന്നത്.
ലഭിച്ച പരാതികളിൽ എട്ട് എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് എഡിഎം നിർദേശം നൽകി. പരാതിക്കാർ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് അദാലത്തിൽ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുൻകൂട്ടി പരാതി രജിസ്റ്റർ ചെയ്തവർക്കാണ് ഓൺലൈനായി ഹാജരായി പ്രശ്‌നങ്ങൾക്ക് പരിഹാരം കണാൻ അവസരം ലഭിച്ചത്.
ഭൂമി സംബന്ധമായ പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. സർവേ സംബന്ധിച്ച തുടർ നടപടികൾക്കായി തഹസീൽദാർക്ക് നിർദേശം നൽകി. എൽആർ ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷൈൻ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.