
പത്തനംതിട്ട : വേനലവധിയ്ക്ക് മാത്രം രണ്ട് മാസം അടച്ചിടുന്ന സ്കൂളുകൾ ഇപ്പോൾ പത്ത് മാസമാകുന്നു തുറന്നിട്ട്. പലയിടത്തും പാമ്പും പട്ടിയും കൈയടക്കിയ അവസ്ഥ. ജില്ലയിലെ ഒരു സ്കൂളിൽ മലമ്പാമ്പിനെ വരെ കണ്ടെത്തിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ സ്കൂളുകളിൽ വന്യജീവികളുടെ സാന്നിദ്ധ്യവും ഉണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്ത് പ്രവർത്തിച്ച സ്കൂളുകളിലെ കാടുകൾ വെട്ടിതെളിച്ചിട്ടുണ്ട്. അല്ലാത്തവ ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. ഓഫീസും മറ്റ് സൗകര്യങ്ങളുമുള്ള വലിയ സ്കൂളുകളിലാണ് ഏറ്റവും അധികം അപകട സാദ്ധ്യതയുള്ളത്. മാർച്ചിൽ അടച്ചതിന് ശേഷം ഇതുവരെ തുറക്കാത്ത ക്ലാസ് മുറികളുണ്ട്. വവ്വാലുകളും നരിച്ചീറുകളും ഇവിടെ വാസമുറപ്പിച്ചിരിക്കുന്നു.
സ്കൂളുകൾ വൃത്തിയാക്കി ഇഴജന്തുക്കളോ എലിയോ വവ്വാലുകളോ മറ്റു ജീവികളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം.
അധികൃതർക്ക് പുറമേ മാതാപിതാക്കളും പി.ടി.എ അംഗങ്ങളും
സ്കൂളുകളിൽ പരിശോധന നടത്തണം.
ക്ളാസ് മുറികളിൽ പൊത്തുകൾ ഉണ്ടോയെന്ന് പരിശോധിക്കണം.
ഡെസ്കും ബെഞ്ചും സാനിറ്റൈസ് ചെയ്യണം.
കുട്ടികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണം.
ശുചീകരണ പരിപാടികൾ സംഘടിപ്പിക്കണം.
" വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് ശുചീകരണ പരിപാടി നടത്തിയതിന് ശേഷം വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കണം. ഇത്രയും നാൾ അടച്ചിട്ട സ്കൂളിൽ വെറുതേ കുട്ടികളെ കയറ്റി പഠിപ്പിക്കാൻ കഴിയില്ല. അതിന് വ്യക്തമായ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് തയാറാക്കും. "
രാജേഷ് എസ്. വള്ളിക്കോട്
(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ)