gayathri
ഗായത്രി

പത്തനംതിട്ട : ജാവ മാത്രമല്ല 213 കോഴ്സുകൾ സിംമ്പിളാണെന്ന് പവർഫുള്ളായി തെളിയിച്ചിരിക്കുകയാണ് ഇലന്തൂർ സ്വദേശി ഗായത്രി. പതിനേഴ് ദിവസം കൊണ്ട് 213 കോഴ്സുകൾ പൂർത്തിയാക്കിയ ഈ മുപ്പത്തിനാല്‌കാരി ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റെക്കാഡിൽ ഇടവും നേടി.

കൊവിഡിൽ വീടിനുള്ളിലായ മടുപ്പിൽ നിന്നുള്ള മോചനം തേടിയാണ് പുതിയ കോഴ്സുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യം കമ്പ്യൂട്ടർ എൻജിനീയറിംഗുമായി ബന്ധപ്പെട്ട കോഴ്സുകൾ ഓൺലൈനിൽ പരതി. പിന്നെയങ്ങോട്ട് തുടർച്ചയായി വിവിധ കാര്യങ്ങളിൽ പഠനം. 213 ഒാൺലൈൻ പഠന സർട്ടിഫിക്കറ്റുകളാണ് ഗായത്രി നേടിയത്. അമേരിക്കയിലെ ജോൺ ഹോപ്പ്കിൻസ്, ബാൾട്ടിമോർ, പ്രിൻസ്റ്റൺ, എയ്ൽ, നൂഹെവൻ തുടങ്ങിയ സർവകലാശാലകളിൽ നിന്നാണ് ബിരുദങ്ങൾ നേടിയത്. സി പ്രോഗ്രാമിംഗ്, ഡേറ്റ സയൻസ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, കമ്പ്യൂട്ടർ നെറ്റ്‌വർക്ക്, വെബ് ഡിസൈൻ എന്നിവയ്ക്ക് പുറമേ മാനേജ്മെന്റ് കോഴ്സുകളും ചെയ്തു. പ്രോജക്ട് മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ് , വർക്ക് ലൈഫ് സർക്കിൾ എന്നിങ്ങനെ തുടരുന്നു നീണ്ടനിര.

ഒാൺലൈൻ പഠനരംഗത്ത് കൂടുതൽ ഗവേഷണം നടത്താനാണ് എം.ടെക്, എം.ബി.എ ബിരുദധാരിയായ ഗായത്രിയുടെ ആഗ്രഹം. കോഴഞ്ചേരി മൗണ്ട്സിയോൺ എൻജിനീയറിംഗ് കോളേജിൽ അദ്ധ്യാപികയായിരുന്നു. ആറൻമുള ഇടശേരിമലയിൽ സാഹിത്യകാരനായ ആറൻമുള വിജയകുമാറിന്റെയും കോയിക്കാലാംപറമ്പിൽ വസന്തറാണിയുടെയും മകളാണ്. ഇലന്തൂർ ശബരീസദനത്തിൽ ശബരി നായരാണ് ഭർത്താവ്. മകൾ :ഗൗതമി.

ഇന്റർനാഷണൽ ബുക്ക് ഒാഫ് വേൾഡ് റെക്കാഡിൽ നിന്ന് 2020 സെപ്തംബർ 30നാണ് അപൂർവ ബഹുമതി ഗായത്രിയെ തേടി എത്തിയത്

" കൊവിഡ് ആയതിനാൽ വിവിധ അംഗീകൃത യൂണിവേഴ്സിറ്റികൾ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യുന്നുണ്ട്. ഓൺലൈനിൽ പി.ഡി.എഫ് മെറ്റീരിയലായും യൂട്യൂബ് വീഡിയോകളായുമാണ് കോഴ്സുകൾ പഠിപ്പിക്കുന്നത്. പഠിച്ച് വന്നപ്പോൾ കൂടുതൽ താൽപര്യം തോന്നി. തോന്നുമ്പോൾ പഠിക്കും. കൃത്യമായ സമയം ഒന്നുമില്ല. അറിയാവുന്ന വിഷയം ആയോണ്ട് പരീക്ഷകൾക്ക് ഒരുപാട് പഠിക്കേണ്ടി വന്നില്ല. എം.ടെക്കും എം.ബി.എയും കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലായിരുന്നു താമസം. പിന്നീട് നാട്ടിൽ മടങ്ങിവന്നു.

വി. ഗായത്രി