തിരുവല്ല: ഈ നൂറ്റാണ്ടിൽ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം വർദ്ധിച്ചുവരുകയാണെന്നും മാറുന്ന കാലഘട്ടത്തിനൊപ്പം മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി നിയമ വിദ്യാർത്ഥികളും, നിയമ അദ്ധ്യാപകരും, എൻ.ജി.ഒ പ്രസ്ഥാനങ്ങളും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് അഭിപ്രായപ്പെട്ടു. കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമ പഠന വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷത്തിന്റെ ഉ‌ദ്ഘാടനം നി‌ർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിയമ പഠന വിഭാഗം മേധാവി ഡോ.ജയശങ്കർ കെ.ഐ.അദ്ധ്യക്ഷത വഹിച്ചു. നിയമ പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഗിരീഷ് കുമാർ ജെ.,അസിസ്റ്റന്റ് പ്രൊഫസറുമാരായ ഡോ. മീര എസ്. ആതിര രാജു എന്നിവർ പ്രസംഗിച്ചു.