 
തിരുവല്ല: കർഷക സമരത്തിൽ കേന്ദ്രം കർഷക അനുകൂല നിലപാട് സ്വീകരിക്കണമെന്നും രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിറുത്തുന്ന കർഷകരുടെ രോദനം രാജ്യത്തിന്റെ മുഴുവൻ രോദനമാണെന്നും ഡോ.തയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തു നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവല്ല എസ്.സി.എസ്. ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സമരത്തിന് എല്ലാ പിന്തുണയും നൽകുന്നതായും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കെ.സി.സി.വൈസ് പ്രസിഡന്റ് അലെക്‌സയോസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. കെ.സി.സി.മുൻ പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറലോസ് മെത്രാപ്പോലീത്ത, ഡോ.കുര്യാക്കോസ് മാർ ഗ്രീഗോറയോസ് മെത്രാപ്പോലീത്ത,മേജർ ഒ.പി.ജോൺ,കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, മാർത്തോമ്മ സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ്, ഫാ.ചെറിയാൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മെത്രാപ്പൊലീത്തമാരും വൈദീകരും ആത്മായരും ചേർന്നു നടത്തിയ പ്രതഷേധ റാലിക്കു വര്ഗീസ് പോത്തൻ, ജോജി പി.തോമസ്, ലനോജ് ചാക്കോ, സ്റ്റീഫൻ ജോൺ, ടി.എം.സത്യൻ,റവ.എബ്രഹാം കോശി കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകി. പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരം അലെക്‌സയോസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പ്രൊഫ. ഫിലിപ് എൻ. തോമസ്, റവ.രാജു പി.ജോർജ്ജ്, ഫാ.ജോസ് കരിക്കം,റവ.ലാൽ ചെറിയാൻ, റവ.ടി.ടി.സക്കറിയ എന്നിവർ പ്രസംഗിച്ചു.