bridge

കോന്നി: അച്ചൻകോവിലാറിന് കുറുകെ കോന്നിയിൽ പുതിയ പാലം വരുന്നു. അരുവാപ്പുലം - ഐരവൺ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച സാദ്ധ്യതാ പഠനം പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗം പൂർത്തിയാക്കി. പ്രദേശം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനിയോജ്യമാണെന്നാണ് പ്രഥമിക വിലയിരുത്തൽ. അന്തിമ റിപ്പോർട്ട് തയ്യാറാക്കി ചീഫ് എൻജിനിയർക്ക് ഉടൻ സമർപ്പിക്കും. തുടർന്ന് മന്ത്രിസഭയുടെ അംഗീകരം ലഭിച്ചാൽ പുതിയ പാലം നിർമ്മിക്കാൻ കഴിയും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ പാലം വേണമെന്നുള്ളത്. അരുവാപ്പുലം, ഐരവൺ ജനകീയ കൂട്ടായ്മ 12741 പേരുടെ ഒപ്പുകൾ രേഖപ്പെടുത്തി കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സാദ്ധ്യതാ പഠനം നടത്തിയത്.

യാത്ര എളുപ്പമാകും.....

അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ- ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി ടൗൺ ചു​റ്റി കിലോമീ​റ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ്. അരുവാപ്പുലം പഞ്ചായത്തിലാണ് കോന്നി ഗവ.മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെങ്കിലും മെഡിക്കൽ കോളേജിൽ അരുവാപ്പുലത്തുകാർക്കു പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചു​റ്റി മാത്രമേ കഴിയു. ഇതിനു പുതിയ പാലം പരിഹാരമാകും.

മെഡിക്കൽ കോളേജ് യാത്രയ്ക്ക് സഹായകരം
മെഡിക്കൽ കോളേജ് കൂടി പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ പുതിയ പാലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കോട്ട ഭാഗത്തു നിന്നും, അച്ചൻകോവിൽ, പുനലൂർ, പത്തനാപുരം, കലഞ്ഞൂർ മേഖലയിൽ നിന്നും ജനങ്ങൾക്ക് കോന്നിയിലെത്താതെ അച്ചൻകോവിൽ - കല്ലേലി കാനനപാതവഴി മെഡിക്കൽ കോളേജിൽ എത്താൻ കഴിയും.