തിരുവല്ല: നീരൊഴുക്ക് നിലച്ച ചന്തക്കടവ് -വേങ്ങൽ തോട് മരണശയ്യയിൽ. കൃഷിയിടങ്ങളിൽ നിന്നും കരിമ്പും തിരുവല്ല ചന്തയിൽ നിന്നുള്ള ചരക്കുകളും കയറ്റി വലിയ വള്ളങ്ങളിൽ കൊണ്ടുപോയിരുന്ന തോടാണ് ഒരിറ്റു ജലമില്ലാതെ വറ്റിയത്. തിരുവല്ല നഗരസഭയുടെയും പെരിങ്ങര പഞ്ചായത്തിന്റെയും ജീവനാഡിയായിരുന്ന തോട് പ്രദേശവാസികൾക്കും ഉപകാരപ്രദമായിരുന്നു. എന്നാലിപ്പോൾ കാടും വള്ളിപ്പടർപ്പും വളർന്നതോടെ തോടാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. ചന്തക്കടവ്, മുത്തൂർ, ചാലക്കുഴി, പന്നിക്കുഴി, ഇടിഞ്ഞില്ലം, വേങ്ങൽ എന്നിവിടങ്ങളിലൂടെ കൈത്തോടുകളുമായി ചേർന്ന് ചങ്ങനാശേരി -ആലപ്പുഴ പ്രദേശത്തേക്ക് സമൃദ്ധിയായി ഒഴുകിയിരുന്ന തോടാണിത്. വിസ്മൃതിയിലാകുന്ന തോട്ടിൽ വർഷങ്ങളായി ആഴംകൂട്ടലും ശുചീകരിക്കലും നടക്കുന്നില്ല. പ്രളയജലത്തിൽ ഒഴുകിയെത്തിയ ചെളിയും എക്കലുമെല്ലാം തോട്ടിൽ കുമിഞ്ഞുകൂടിയതോടെ ആഴം കുറഞ്ഞു. ഇതോടൊപ്പം പായലും പോളയും മാലിന്യവും കാടും വളർന്ന് കയറിയതോടെ നീരൊഴുക്കും പൂർണമായി നിലച്ചു. തോടിന് കുറുകെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങളും നീരൊഴുക്കിന് തടസമുണ്ടാക്കി. വലിയ വീതിയുണ്ടായിരുന്ന തോടിന്റെ പലഭാഗങ്ങളിലും അനധികൃത കൈയേറ്റവും വ്യാപകമാണ്.

കർഷകരും ആശങ്കയിൽ


പ്രദേശത്തെ കൃഷിക്ക് വെള്ളം ലഭ്യമാക്കിയിരുന്ന തോട് സംരക്ഷിക്കാൻ നടപടി ഇല്ലാതായതോടെ കർഷകരും ആശങ്കയിലാണ്. ഇവിടുത്തെ പെരുന്തുരുത്തി തെക്ക് പാടശേഖരത്തിൽ 112 ഏക്കറിലാണ് നെൽക്കൃഷി ചെയ്യുന്നത്. തോട് വറ്റിയതിനാൽ ഇത്തവണത്തെ കൃഷിക്ക് വെള്ളം ലഭിക്കുമോയെന്ന ആശങ്കയാണ് കർഷകർക്ക്.

ചന്തക്കടവ് -വേങ്ങൽ തോടിന്റെ പുനരുജ്ജീവനത്തിനായി അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം

(കർഷകർ)