പത്തനംതിട്ട: ജില്ലയിലെ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സി.എഫ്.എൽ.ടി.സി) പുതിയ സ്ഥലം കണ്ടെത്തി അടിയന്തരമായി മാറ്റണമെന്ന് ജില്ലാ ഭരണകൂടം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. ആനിക്കാട്, ആറന്മുള, അരുവാപ്പുലം, അയിരൂർ, ചെന്നീർക്കര, ചെറുകോൽ, ചിറ്റാർ, ഇലന്തൂർ, ഏനാദിമംഗലം, ഏറത്ത്, ഇരവിപേരൂർ, ഏഴംകുളം, എഴുമറ്റൂർ, കടമ്പനാട്, കടപ്ര, കലഞ്ഞൂർ, കല്ലൂപ്പാറ, മല്ലപ്പള്ളി, കവിയൂർ, കൊടുമൺ, കോയിപ്രം, കോന്നി, കൊറ്റനാട്, കോട്ടാങ്ങൽ, കോഴഞ്ചേരി, കുളനട, കുന്നന്താനം, കുറ്റൂർ, മലയാലപ്പുഴ, നാരങ്ങാനം, റാന്നി അങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകൾക്കാണ് നിർദ്ദേശം നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന് സംസ്ഥാനതലത്തിൽ നടക്കുന്ന ആലോചനകളുടെ ഭാഗമായാണ് പുതിയ നിർദ്ദേശം.കൊവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ മിക്ക പഞ്ചായത്തുകളിലും ഓഡിറ്റോറിയങ്ങളോ സൗകര്യപ്രദമായ കെട്ടിടങ്ങളോ ക്രമീകരിക്കുവാൻ കഴിയാതെ നട്ടംതിരിയുകയാണ് ഉദ്യോഗസ്ഥർ. ഇതുവരെ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കാത്ത പഞ്ചായത്തുകളിൽ പുതിയവ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.