sabari
സന്നി​ധാനത്ത് കൊവി​ഡ് ടെസ്റ്റ് നടത്തി​യയി​ടം അണുവി​മുക്തമാക്കുന്നു

ശബരിമല : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് കൊവിഡ് രോഗ നിർണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സർക്കാർ ജീവനക്കാരെയും പരിസര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലൻ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന്റെ തുടർച്ചയായാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്.
സന്നിധാനം മെഡിക്കൽ ടീമിന്റെ നേതൃത്വത്തിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനിൽ കഴിയുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് കണ്ടെത്തിയവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ വരും ദിവസങ്ങളിൽ സന്നിധാനത്ത് തുടരാൻ അനുവദിക്കില്ലെന്ന് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് പറഞ്ഞു.
സന്നിധാനത്ത് നടപ്പന്തലിന് സമീപത്തെ വിശ്രമ സ്ഥലത്താണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന് ശേഷം സന്നിധാനം ഫയർഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇവിടം അണുവിമുക്തമാക്കി.