13-poling-booth-waste
പോളിംഗ് ബൂത്തിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ

കോഴഞ്ചേരി: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളിൽ ശേഷിച്ച മാലിന്യം നീക്കം ചെയ്യുന്ന ജോലികൾ ജില്ലയിൽ പൂർത്തിയായിവരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെയും ശുചിത്വ ഹരിത കേരള മിഷന്റെയും നേതൃത്വത്തിലാണ് ശുചീകരണം പുരോഗമിക്കുന്നത്. ജില്ലയിൽ 280 ടൺ മാലിന്യം അവശേഷിക്കുമെന്നാണ് ഹരിത മിഷൻ സർക്കാരിന് നൽകിയ ഏകദേശ കണക്ക്. ഹരിത ചട്ടം ഏറെക്കുറെ പാലിക്കാനായതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇക്കുറി കുറവായിരുന്നു. ബാനറുകളും കൊടിത്തോരണങ്ങളുമാണ് പ്ലാസ്റ്റിക്കിന്റെ പരിധിയിൽ വരുന്ന അജൈവ മാലിന്യങ്ങൾ.
സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും പ്രചാരണ വസ്തുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 5 ദിവസത്തിനുള്ളിൽ ഇവ നീക്കം ചെയ്യണമെന്നാണ് കോടതി നിർദ്ദേശം. പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കാണ് ഇത് ഉറപ്പാക്കാനുള്ള ചുമതല. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഇവ നീക്കം ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ചുമതലയിൽ നീക്കം ചെയ്ത ശേഷം ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. മാലിന്യ ശേഖരണത്തിന് ഓല കൊണ്ട് നിർമ്മിച്ച വല്ലങ്ങളും മറ്റും ബൂത്തുകളിൽ ഇക്കുറി ക്രമീകരിച്ചിരുന്നു. 1459 പോളിംഗ് ബൂത്തുകളായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്.
'
പോളിംഗ് ബൂത്തുകളിൽ നിന്ന് 40 ടൺ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾ ഇവ ശേഖരിച്ച് പഞ്ചായത്തുകളിലെ എം.സി.എഫുകളിൽ സൂക്ഷിച്ച ശേഷം ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറും'
( കെ.ഇ. വിനോദ് കുമാർ,

ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ )