ചെങ്ങന്നൂർ: ശബരിമലയുടെ പ്രധാന കവാടമായ ചെങ്ങന്നൂരിൽ തീർത്ഥാടകർക്ക് വേണ്ടസൗകര്യം ഒരുക്കുന്നതിൽ അപാകതകൾ ഏറെയെന്ന് ആക്ഷേപം. കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാതെ വകുപ്പുകൾ പരസ്പരം പഴിചാരുകയാണ്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും അയ്യപ്പഭക്തരെ സ്വീകരിക്കുക. പുറത്തുനിന്നും എത്തുന്ന അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും. അതിനായി കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങും. കെ.എസ്.ആർ.ടി.സി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തമിഴ് കന്നട,തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കും. പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉളളവരെ പ്രാധമിക പരിശോധനയ്ക്ക് ശേഷം കൊവിഡ് സെന്ററിലേയ്ക്ക് മാറ്റും ഇതിനായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ നിറുത്തിവച്ച സി. എഫ്.എൽ.ടി.സി അടിയന്തരമായി സജ്ജമാക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് സ്‌ക്വാഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെ.എസ്.ആർ.ടി.സി, ആരോഗ്യ വകുപ്പ്, നഗരസഭ, വിവിധ വകുപ്പുകളുടെ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. അയ്യപ്പഭക്തർ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. സേഫ് കേരള വിംഗിന്റെ സഹകരണത്തോടെ രാത്രികാലങ്ങളിൽ പെട്രോളിംഗ് സംവിധാനം ഏർപ്പെടുത്തും. ഈ വക കാര്യങ്ങൾ ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ടി സൗകര്യം ഒരുക്കുന്നതിന് ഇന്നലെ ചെങ്ങന്നൂർ നഗരസഭ ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്ന കാര്യങ്ങളിൽ ചിലതു മാത്രമാണിത്. എന്നാൽ ഓരോ കാര്യങ്ങൾ പ്രാവർത്തികമാക്കുവാൻ മറ്റു വകുപ്പുകളുടെ അനുമതി ലഭിച്ചില്ല എന്നു പറഞ്ഞ് പഴിചാരുകയാണിപ്പോൾ ചെയ്യുന്നത്.