തിരുവല്ല: എം.സി റോഡിലെ ഇടിഞ്ഞില്ലത്ത് പാതിരാത്രിയിൽ കാർ യാത്രികരെ ആക്രമിച്ച് ഒന്നരലക്ഷം രൂപ കവർന്ന അഞ്ചംഗ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പെരുംതുരുരുത്തി കുന്നക്കാട്ട് വീട്ടിൽ സനൽ ജോസഫ് (29) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഏഴിന് രാത്രി പത്തിനായിരുന്നു സംഭവം. തിരുവല്ല സ്വദേശികളായ ഷെറിൻ, സന്തോഷ് എന്നിവരെ ആക്രമിച്ച ശേഷമാണ് കാർ തകർത്തത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് കുറുകെവെച്ച് കാർ തടഞ്ഞശേഷം കാറിന്റെ മുൻവശത്തെ ചില്ലടക്കം മാരകായുധങ്ങൾ ഉപയോഗിച്ച് തകർത്ത പ്രതികൾ കാറിന്റെ ഡാഷ് ബോഡിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പൊലീസ് നടത്തിയ തിരച്ചിലിലാണ് സനൽ ജോസഫ് പിടിയിലായത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മറ്റ് നാലു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐഎ.അനീസ് പറഞ്ഞു.